പുതിയ കുഞ്ഞുങ്ങള്‍ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങള്‍ പേളിയാണ്; വിമര്‍ശിച്ച് ലിജീഷ് കുമാര്‍

കേന്ദ്ര സര്‍ക്കാരിനെ തള്ളാതെയുള്ള പേളിയുടെ നിലപാടില്‍ രൂക്ഷ വിമര്‍ശനമാണ് എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ ഉന്നയിക്കുന്നത്

കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും ഇന്‍ഫ്ലുവന്‍സറുമായ പേളി മാണിയുടെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ തള്ളാതെയുള്ള പേളിയുടെ നിലപാടില്‍ രൂക്ഷ വിമര്‍ശനമാണ് എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ ഉന്നയിക്കുന്നത്.

പുതിയ കുഞ്ഞുങ്ങള്‍ പൊളിയാണെന്നും പഴകിയ കുഞ്ഞുങ്ങള്‍ പേളിയാണെന്നുമുള്ള പരിഹാസ കുറിപ്പോടെയാണ് ലിജീഷ് കുറിപ്പ് തുടങ്ങുന്നത്. മെറ്റ്കാഫോര്‍സില്‍ നിന്നും സായിപ്പ് ഉപേക്ഷിച്ചു പോയ അപ്പര്‍ക്ലാസ് വെടിപറച്ചിലുകളും തീന്‍മേശ മര്യാദകളും പഠിച്ചിറങ്ങിയാല്‍ എല്ലാം തികഞ്ഞു എന്നു വിചാരിക്കുന്ന സ്‌നോബുകള്‍ക്ക് പാവം മനുഷ്യരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഇന്ത്യയെ മനസിലാവില്ലെന്ന് അദ്ദേഹം കുറിച്ചു.

സംഘബോധത്തിന്റെ തുപ്പലുരസിയെറിയുന്ന പ്രിവിലേജ്ഡ് ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ ബോളില്‍ ക്ലീന്‍ബൗള്‍ഡാവില്ല ഇന്ത്യന്‍ യുവത്വം. അഭിമാനത്തോടെ, ആദരവോടെ ഇപ്പോഴും എപ്പോഴും പൊരുതുന്ന കുട്ടികള്‍ക്കൊപ്പമാണെന്നും ലിജീഷ് പറഞ്ഞുവെച്ചു.

ലിജീഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്.

പഴകിയ കുഞ്ഞുങ്ങൾ പേളിയാണ് !!

മെറ്റ്കാഫോർസിൽ നിന്നും സായിപ്പ് ഉപേക്ഷിച്ചു പോയ അപ്പർക്ലാസ് വെടിപറച്ചിലുകളും തീൻമേശ മര്യാദകളും പഠിച്ചിറങ്ങിയാൽ എല്ലാം തികഞ്ഞു എന്നു വിചാരിക്കുന്ന സ്നോബുകൾക്ക് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ആത്മാവ് തൊട്ടറിയാനുള്ള സെൻസുണ്ടാവണം, സെൻസിബിലിറ്റിയുണ്ടാവണം, സെൻസിറ്റിവിറ്റിയുണ്ടാവണം എന്നൊന്നും അലറുന്നതിൽ വലിയ കാര്യമില്ല. പാവം മനുഷ്യരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഇന്ത്യയെ അവർക്ക് മനസിലാവില്ല. ഭരണകൂടത്തിൻ്റെ ഗ്ലോറിഫൈഡ് സ്റ്റെനോഗ്രാഫർമാർ മാത്രമാണ് അവരെല്ലാക്കാലത്തും. മണിയടിക്കാരുമതെ, മൈനർ രവിമാരുമതെ, കൃഷ്ണ കുമാരന്മാരുമതെ.

ഏതു കൊള്ളണമെന്നും ആരെ തള്ളണമെന്നും ഞങ്ങൾക്കറിയാം. സംഘബോധത്തിന്റെ തുപ്പലുരസിയെറിയുന്ന പ്രിവിലേജ്ഡ് ഇൻഫ്ലുവൻസർമാരുടെ ബോളിൽ ക്ലീൻബൗൾഡാവില്ല ഇന്ത്യൻ യുവത്വം. അഭിമാനത്തോടെ, ആദരവോടെ ഇപ്പോഴും എപ്പോഴും പൊരുതുന്ന കുട്ടികൾക്കൊപ്പം.

നീറ്റ് ചോദ്യപ്പേപ്പർ ചോർന്നതിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ജന്തർ മന്തറിൽ സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളോട് സുരക്ഷതിരായിരിക്കാനും ജീവന്‍ അപകടത്തിലാക്കാതെ വീട്ടിലേക്ക് മടങ്ങാനും പറഞ്ഞു കൊണ്ടുള്ള പേളിയുടെ പോസ്റ്റാണ് വിമർശനത്തിന് ഇടയായത്.

'കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വളരെ വേദനാജനകമായിരുന്നു. അത് നമ്മെ അൽപ സമയം ഒന്നു ചിന്തിക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ യുവാക്കളുടെ ശക്തിയും ഐക്യവും നിശ്ചയദാർഢ്യവും നാം നേരിട്ടു കണ്ടു. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും പരിക്കേറ്റ ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാൻ കണ്ടു. ആർക്കും പരുക്കേൽക്കരുത്. എല്ലാവരും സുരക്ഷിതരായിരിക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെങ്കിൽ, ദയവായി വീട്ടിലേക്ക് മടങ്ങുക', പേളി കുറിച്ചു.

Content Highlights:lijeesh kumar against pearle maaneys reaction on jantar mantar student protest

To advertise here,contact us