കൊച്ചി: സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ ഹസ്സൻ കോടതിയില്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതിരെയാണ് അന്‍സിബ കോടതിയെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നടി ലക്ഷ്മിപ്രിയക്കെതിരെ പാലാരിവട്ടം പൊലീസിന് പരാതി നല്‍കിയിട്ടും കമ്മീഷണര്‍ ഇടപ്പെട്ടില്ലെന്നാണ് നടി ആരോപിക്കുന്നത്.
പാലാരിവട്ടം എസ്എച്ച്ഒ അനൂപിനെതിരെയും നടപടി വേണമെന്നാണ് അന്‍സിബ ആവശ്യപ്പെടുന്നത്. താന്‍ നല്കിയ മൊഴി പൊലീസ് റിപ്പോര്‍ട്ടില്‍ തിരുത്തി എന്നും ആക്ഷേപമുണ്ട്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയാണ് അന്‍സിബ സ്വകാര്യ അന്യായത്തില്‍ മൊഴി നല്‍കിയത്.
ലക്ഷ്മിപ്രിയക്കും കാന്‍ മീഡിയ ചാനലിനുമെതിരെ ജൂണ്‍ 26നായിരുന്നു അന്‍സിബ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങള്‍ നടത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. തുടർന്ന് കേസില്‍ പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അന്‍സിബ കോടതിയെ സമീപിച്ചിരുന്നു.
പിന്നാലെ നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസും അറിയിച്ചു. 'വീഡിയോ വിശദമായി പരിശോധിച്ചതില്‍ ഡിഫമേഷന്‍ വകുപ്പ് [356 BNS] പ്രകാരമുള്ള കുറ്റം മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്നും മറ്റ് ഒഫന്‍സുകള്‍ ഒന്നും നടന്നിട്ടില്ല എന്നും പൊലീസ് പറഞ്ഞിരുന്നു.
Content Highlights: Actress Ansiba Moves Court Seeking Action Against City Police Commissioner