കൊച്ചി: മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ പൊന്നാനി ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ച് എസ്ഐടി അന്വേഷിക്കും. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് അനുസരിച്ചാണ് നടപടി. പൂങ്കുഴലി ഐപിഎസിനാണ് അന്വേഷണ സംഘത്തിന്റെ ചുമതല. കേസില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസും ഡിവൈഎസ്പി വി വി ബെന്നിയും സിഐ വിനോദുമാണ് പ്രതികള്‍.
മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എസ്പി സുജിത് ദാസിനെതിരായ കേസിന്റെ അന്വേഷണം എസ്പി സിഎസ് ഷാഹുല്‍ ഹമീദിനാണ്. ഡിവൈഎസ്പി വിവി ബെന്നി പ്രതിയായ കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പീറ്റര്‍ അന്വേഷിക്കും. സി ഐ വിനോദ് പ്രതിയായ കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റിജോ പി ജോസഫായിരിക്കും അന്വേഷിക്കുക. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ എസ്ഐടി അതിജീവിതയുടെ മൊഴിയെടുത്തു. 12 മണിക്കൂറിലധികം സമയമെടുത്താണ് മൊഴിയെടുത്തത്. പ്രതികള്‍ക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുളള ഗുരുതര വകുപ്പുകളാണ് ചുമത്തിയത്. മൂന്ന് പ്രതികള്‍ക്കുമെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.
2022 ജനുവരിയിലാണ് അതിജീവിതയുടെ പരാതിക്ക് ആധാരമായ കുറ്റകൃത്യം നടന്നത്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ അതിജീവിത പൊന്നാനി പൊലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സി ഐ വിനോദ് വലിയാറ്റൂര്‍ അതിജീവിതയുടെ വീട്ടിലെത്തുന്നത്. വീട്ടിലെത്തിയ വിനോദ് അതിജീവിതയെ പീഡനത്തിന് ഇരയാക്കി. തുടര്‍ന്ന് വി വി ബെന്നി അതിജീവിതയെ ആക്രമിച്ചു. പരാതി നല്കാന് എത്തുമ്പോഴാണ് മലപ്പുറം എസ് പി സുജിത് ദാസ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ഇതിന് പിന്നാലെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ഷെയ്ഖ് ദർവേഷിനും യുവതി പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസടുക്കാൻ തയ്യാറായില്ല. സംഭവം വാർത്തയായതോടെ ആരോപണങ്ങൾ നിഷേധിച്ച് മുൻ സിഐ വിനോദ് രംഗത്തെത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചുവെന്ന് റിപ്പോർട്ടർ ചാനലിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്.
Content Highlights: The Kerala Crime Branch SIT will investigate the serious allegations and case involving three senior police officers in Ponnani, following official directives.