തിരുവനന്തപുരം: 'കള്ളന് വിജയന്' ലേഖന വിവാദത്തില്‍ നടപടിയെടുത്തിട്ടില്ലെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ എം സ്വരാജ്. കെ ആര് അജയനെതിരെ നടപടി സ്വീകരിച്ചുവെന്ന് നിങ്ങളോട് ആരാണ് പറഞ്ഞതെന്നും അക്കാര്യം ദേശാഭിമാനിയോ അജയനോ ആണ് പറയേണ്ടതെന്നും എം സ്വരാജ് പറഞ്ഞു. ദേശാഭിമാനിയില്‍ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏതെങ്കിലും ജീവനക്കാരനെതിരെ നടപടി സ്വീകരിക്കുന്നുണ്ടെങ്കില്‍ മറ്റുമാധ്യമങ്ങള്‍ക്ക് എന്താണ് കാര്യം എന്നും എം സ്വരാജ് ചോദിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. ഓരോ സ്ഥാപനത്തിനും അതിന്റേതായ പ്രവര്‍ത്തന സ്വാതന്ത്ര്യവും അവകാശവും ഉണ്ടെന്നും സ്വരാജ് വ്യക്തമാക്കി.
വിഎസിന്റെ ചരമദിനത്തിന് മുമ്പായി ഇറങ്ങുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ വി എസ് അനുസ്മരണം തന്നെയായിരിക്കണം മുഖ്യവിഷയം എന്ന് തീരുമാനിച്ചിരുന്നു. ആദ്യത്തേയും അവസാനത്തേയും പേജില്‍ വി എസ് തന്നെയായിരിക്കണം എന്ന് എഡിറ്റോറിയല്‍ തീരുമാനിച്ചു. വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാന്‍ ഒരുദിവസം വൈകിയത് സാങ്കേതിക തടസ്സം മൂലമാണെന്നും എം സ്വരാജ് പറഞ്ഞു.
'ഒരു ചാനല്‍ കുംഭമേളയെക്കുറിച്ച് പരിപാടി അവതരിപ്പിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാവായ മുതലാളി ബന്ധപ്പെട്ടവരെയെല്ലാം വിളിച്ച് വിരട്ടി. വിവരം ലഭിച്ചയുടന്‍ ഞങ്ങള്‍ ചാടിവീഴുകയല്ല ചെയ്തത്. മാധ്യമ സ്ഥാപനങ്ങളുടെ നയം എന്ന നിലയിലേ കണ്ടുള്ളൂ. എന്നാല്‍ ചാനല്‍ മുതലാളി തന്നെ അക്കാര്യം പരസ്യപ്പെടുത്തി. മാധ്യമത്തിന്റെ ഡെസ്കില്‍ നടക്കുന്ന ചര്‍ച്ചകളോ വ്യത്യസ്ത നിലപാടോ വിവാദമാകാറില്ല. ഈ നയം മാറ്റാമെന്നാ'ണോയെന്നും എം സ്വരാജ് ന്യായീകരിച്ചു.
ലേഖനം പ്രസിദ്ധീകരിക്കുന്നതും പ്രസിദ്ധീകരിക്കാത്തതും പത്രത്തിന്റെ സ്വാതന്ത്ര്യമാണ്. അച്ചടിച്ച പത്രം വിതരണം ചെയ്തില്ലായെന്ന് വരെ പ്രചരിപ്പിച്ചു. ഒറ്റ മണിക്കൂറില്‍ തന്നെ എത്ര വാര്‍ത്തകളാണ് മാറി മാറി വന്നത്. ദേശാഭിമാനിയില്‍ ഇങ്ങനെ ഒരു ലേഖനം ഇല്ല. വാരാന്തപ്പതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികള്‍ വരും. ചിലത് പ്രസിദ്ധീകരിക്കും ചിലത് മാറ്റിവയ്ക്കും. അത് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ലെന്നും എം സ്വരാജ് പറഞ്ഞു.
Content Highlights: Deshabhimani Resident Editor M. Swaraj has said that no action has been taken in connection with the 'Kallan Vijayan' article controversy