നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ പരാക്രമം: 'DGPക്ക് പരാതി നൽകും'; പ്രതികരണവുമായി സസ്‌പെന്‍ഷനിലായ സിഐ യഹിയ

എന്തുകൊണ്ട് ഒരു സിഐ പ്രശ്‌നമുണ്ടാക്കിയെന്ന് അന്വേഷിച്ചില്ലെന്നും കുറ്റപ്പെടുത്തൽ

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ അതിക്രമ സംഭവത്തില്‍ പ്രതികരണവുമായി സസ്‌പെന്‍ഷനിലായ സിഐ യഹിയ. സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിട്ടും ഡിവൈഎസ്പി പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹരിച്ചില്ലെന്നാണ് ആരോപണം. എന്തുകൊണ്ട് ഒരു സിഐ പ്രശ്‌നമുണ്ടാക്കിയെന്ന് അന്വേഷിച്ചില്ലെന്നും കുറ്റപ്പെടുത്തി. അടിയന്തര സാഹചര്യത്തില്‍ വിളിച്ചിട്ടും ഡിവൈഎസ്പി ഫോണ്‍ എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നും സിഐ യഹിയ ആരോപിച്ചു. ഡിവൈഎസ്പിയുടെ നടപടിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും സസ്പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്നും സി ഐ യഹിയ റിപ്പോട്ടറിനോട് പറഞ്ഞു.

വെള്ളിയാഴ്ച ചുള്ളിമാനൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നാലു യുവാക്കളില്‍ രണ്ട് പേര്‍ തിരുവനന്തപുരത്ത് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ സിഐയായ യഹിയയുടെ ബന്ധുക്കളാണ്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു സിഐയുടെ പരാക്രമം.. യഹിയയുടെ ആവശ്യം പൊലീസ് തള്ളിയതോടെ ഇയാള്‍ സെല്ലിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. സെല്ലിനുള്ളില്‍ തറയില്‍ കിടന്ന യഹിയയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഇയാള്‍ മദ്യലഹരിയിലായിരുന്നു.

ആയുധങ്ങളുമായി അക്രമത്തിന് പുറപ്പെട്ട നാലംഗ സംഘത്തെയാണ് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതോടെയാണ് സിഐക്കെതിരെ കേസ് എടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനുമായിരുന്നു കേസ്.

Content Highlights: Suspended Circle Inspector Yahya has responded to the Nedumangad Police Station controversy and said he will file a complaint with the DGP

To advertise here,contact us