മലപ്പുറം: വഖഫ് നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ ലീഗിനും വകുപ്പ് മന്ത്രിക്കും അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. വിഷയത്തില്‍ വ്യക്തത വരുത്തിയില്ലെന്നാണ് ആക്ഷേപം. പുനഃസംഘടന സുപ്രീംകോടതി വിധിയനുസരിച്ചായിരിക്കുമെന്ന് വ്യക്തമാക്കിയില്ലെന്നതാണ് ലീഗിന്റെ അതൃപ്തിക്ക് കാരണം. അമുസ്ലിം അംഗങ്ങളെ തല്കാലം നിയമിക്കില്ലെന്നും സുപ്രീംകോടതി വിധിയനുസരിച്ച് മാത്രം മുന്നോട്ടുപോകുമെന്നും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണമായിരുന്നു. സെക്ഷന്‍ 14 സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നത് ജനങ്ങളെ ബോധ്യപ്പെടുത്തണമായിരുന്നെന്നും വിമര്‍ശനമുണ്ട്.
വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങള്‍ പാടില്ല എന്നതാണ് ലീഗിന്റെ പ്രഖ്യാപിത നിലപാട്. ഇത് ഇന്നലെ ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം തന്നെ വ്യക്തമാക്കിയിരുന്നു. ഉമീദ് ആക്റ്റിന്റെ ഭേദഗതിക്കെതിരെ ലീഗ് സുപ്രീംകോടതിയില്‍ പോകുകയും ചെയ്തിരുന്നു. എന്നാല്‍ ലീഗ് ഉള്‍പ്പെട്ട സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ സെക്ഷന്‍ 14 പ്രകാരം അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള പുനസംഘടനയ്ക്ക് തയ്യാറാണെന്ന ഘടക വിരുദ്ധമായ നലപാട് സ്വീകരിച്ചതാണ് ലീഗില്‍ അതൃപ്തി പുകയാന്‍ കാരണം. ഇത് പൊതു സമൂഹത്തില്‍ തെറ്റ് ധാരണയുണ്ടാക്കുമെന്നാണ് പാര്‍ട്ടിക്കുള്ളിൽ നിന്ന് ഉയരുന്ന വിമര്‍ശനം.
അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതില്‍ സുപ്രീംകോടതിയുടെ അന്തിമ വിധിക്കനുസരിച്ചായിരിക്കും എന്ന് സത്യവാങ്മൂലത്തില്‍ എഴുതിച്ചേര്ക്കണമായിരുന്നെന്നാണ് വകുപ്പ് മന്ത്രിയടക്കം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ സെക്ഷന്‍ 14 പ്രകാരമുള്ള പുനഃസംഘടന കോടതി വിധിക്കനുസരിച്ച് മാത്രമേ നടക്കൂ എന്നാണ് എജി ഓഫീസ് നല്കുന്ന വിശദീകരണം. സര്‍ക്കാര്‍ നിയമാനുസരണം മുന്നോട്ട് പോകുമ്പോള്‍ അമുസ്ലിം അംഗങ്ങളെ നിയമിക്കേണ്ടി വന്നാലും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ജാഗ്രത കാട്ടിയിരുന്നെങ്കില്‍ രാഷ്ട്രീസമായി തെറ്റിദ്ധാരണ ഒഴിവാക്കാമായിരുന്നെന്നാണ് ലീഗില്‍ ഉയരുന്നുന്ന വിമര്‍ശനം. വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട നാല് ഹര്‍ജിയിലും ഒരു സത്യവാങ്മൂലം സമര്‍പ്പിക്കാതെ നാല് വിഷയങ്ങളേയും പ്രത്യേകം വിശദീകരിക്കണമായിരുന്നെന്നും ലീഗില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
വിഷയത്തില്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇതിനോടകം പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തി കഴിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടില്‍ എന്തുകൊണ്ട് ഇപ്പോഴുള്ള സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് ചോദിച്ചിരുന്നു. ബോര്‍ഡില്‍ രണ്ട് അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്തിയാല്‍ മുസ്ലിം അംഗങ്ങളുടെ അഭിപ്രായം തഴയപ്പെട്ടേക്കാമെന്നാണ് സിപിഐഎം നേതാവ് പി രാജീവ് ചൂണ്ടിക്കാട്ടിയത്. കടുത്ത വിമര്‍ശനവുമായി സമസ്ത മുഖപത്രവും രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ നിലപാട് ആശങ്കപ്പെടുത്തുന്നതാണെന്നും ഈ ഇരട്ടത്താപ്പ് എങ്ങനെ വിശദീകരിക്കുമെന്നുമായിരുന്നു സമസ്ത ഉയര്‍ത്തിയ വിമര്‍ശനം.
Content Highlights: According to reports, the Muslim League and the concerned minister have expressed dissatisfaction with the government's affidavit on Waqf Board appointments. The criticism centres on the absence of a clear assurance that appointments and board reconstitution would be carried out only after and in accordance with the Supreme Court's final decision, including matters related to Section 14.