മലപ്പുറം: പൊന്നാനി പീഡനക്കേസില്‍ വിചിത്ര എഫ്ഐആറുമായി പൊലീസ്. പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെയും പേരില്ലാതെയാണ് പൊന്നാനി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പരാതിയില്‍ മൂന്ന് എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. വിനോദ് വലിയാറ്റൂര്‍, വി വി ബെന്നി, സുജിത് ദാസ് എന്നിവരുടെ മുന്‍ പദവികൾ മാത്രമാണ് എഫ്ഐആറില്‍ ഉള്ളത്.
മുന്‍ സിഐ, മുന്‍ ഡിവൈഎസ് പി, മുന്‍ എസ്പി എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് എഫ്ഐആര്‍. മാത്രമല്ല പരാതിക്കാരിയുടെ പേര് എഫ്ഐആറില്‍ നല്‍കിയിട്ടുമുണ്ട്. പൊലീസ് ഉദ്യോസ്ഥരുടെ സ്ഥിരം മേല്‍വിലാസമായി ഓഫീസ് അഡ്രസാണ് നല്‍കിയിരിക്കുന്നത്. എഫ്ഐആര്‍ പകര്‍പ്പുകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
മൂന്നുപേർക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ശരിവെച്ചത്. ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസിൽ എഫ്ഐആർ ഇതുവരെ രജിസ്റ്റർ ചെയ്തില്ലേയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് സർക്കാറിൻ്റെ മറുപടിക്ക് എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന മറുചോദ്യം ഹൈക്കോടതി ചോദിച്ചിരുന്നു. ഹർജി ഹൈക്കോടതിയിൽ നൽകിയത് കൊണ്ടുമാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരിക്കാനാവില്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് അരാജകത്വം സൃഷ്ടിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
എസ്എച്ച്ഒയ്ക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് സർക്കാരിന് പറയാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് മജിസ്ട്രേറ്റ് ഇന്നലെ ഉത്തരവിട്ടത്. മജിസ്ട്രേറ്റിന്റെ ഉത്തരവ് നടപ്പാക്കാൻ എസ്എച്ച്ഒയ്ക്ക് ബാധ്യതയുണ്ട്. പൊലീസ് നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ട കേസാണിത്. പൊലീസ് ഉടൻ എഫ്ആർ രജിസ്റ്റർ ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കോടതിയുടെ കർശന നിർദ്ദേശത്തിന് പിന്നാലെയാണ് ഇന്ന് പൊന്നാനി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
2022 ജനുവരിയിലാണ് പൊന്നാനി സ്വദേശിയായ യുവതി മൂന്ന് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. നീതി തേടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴായിരുന്നു ദുരനുഭവം. ഒടുവില്‍ പരാതി പരിഗണിച്ച് തീരുമാനമെടുക്കാന്‍ മജിസ്ട്രേറ്റ് കോടതിയോട് സുപ്രിംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതനുസരിച്ചാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊന്നാനി പൊലീസിന് പൊന്നാനി മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായതിനാല്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ തലവനായി നിയോഗിച്ച് എസ്ഐടി അന്വേഷിക്കണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.
Content Highlights: ponnani case fir without names of accused police officers