കേരളം ഭരിക്കുന്നത് ആര്‍എസ്എസും അദാനിയും; അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് എഐവൈഎഫ്

പ്രതിപക്ഷ ഉപനേതാവ് പദവി അടഞ്ഞ അധ്യായമല്ലെന്നും ടി ടി ജിസ്‌മോന്‍ പറഞ്ഞു

ആലപ്പുഴ: പ്ലീഡര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനുമായി പോര് കനക്കവെ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് എഐവൈഎഫ്. മുഖ്യമന്ത്രി ആര്‍എസ്എസ് പ്രവര്‍ത്തകനെ നോമിനേറ്റ് ചെയ്തത് ശരിയായില്ല എന്ന് പറഞ്ഞതിനാണ് കെഎസ്‌യു അധ്യക്ഷനെ ഒറ്റപ്പെടുത്തിയതെന്നും അലോഷ്യസ് സേവ്യര്‍ ഉയര്‍ത്തിയ വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ പറഞ്ഞു.

കെഎസ്യു സംസ്ഥാന പ്രസിഡന്റിന്റെ സ്ഥിതി ഇതാണെങ്കില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന സാധാരണക്കാരുടെ സ്ഥിതി എന്താണെന്നും ജിസ്‌മോന്‍ ചോദിച്ചു. 'അലോഷ്യസ് സേവ്യര്‍ ഉന്നയിച്ച വിഷയം ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ സമീപകാല ഇടപെടല്‍ കേരളത്തിന് അശാസ്യമല്ല. കേരളം ഭരിക്കുന്നത് ആര്‍എസ്എസും അദാനിയും ചേര്‍ന്നതാണ്. അസഹിഷ്ണുതയുടെ ആള്‍രൂപയാണ് കേരളത്തിലെ മുഖ്യമന്ത്രി', ടി ടി ജിസ്‌മോന്‍ പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പദവി അടഞ്ഞ അധ്യായമല്ലെന്നും ടി ടി ജിസ്‌മോന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തോല്‍വിയുണ്ടായി. തിരിച്ചടിയില്‍ ഒറ്റക്കെട്ടായി പോകണം എന്നാണ് ധാരണ. പ്രതിപക്ഷ ഉപനേതാവ് പിടിവാശിയുടെ കാര്യമല്ല. മുഖ്യമന്ത്രി സ്ഥാനം ത്യജിച്ചുപോലും എല്‍ഡിഎഫ് നിലനിര്‍ത്താന്‍ പരിശ്രമിച്ചതാണ് സിപിഐ എന്നും ടി ടി ജിസ്‌മോന്‍ വ്യക്തമാക്കി.

Content Highlights: aloshious xavier gets aiyf support over Pleder appointment controversy

To advertise here,contact us