ന്യൂഡല്‍ഹി: കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ മേഖലയിൽ നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിലെന്നല്ല ഒരിടത്തും കപ്പല്‍ നിര്‍മ്മാണ ശാല നിര്‍മ്മിക്കില്ല. ടാറ്റ ഗ്രൂപ്പിന് നിലവില്‍ കപ്പല്‍ നിര്‍മ്മാണ പദ്ധതികളൊന്നുമില്ലെന്നും അധികൃതര്‍ വിശദീകരിച്ചു. ഇക്കണോമിക്സ് ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയിരിക്കുന്നത്.
ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തിലായിരുന്നു കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ നിക്ഷേപം നടത്താന്‍ ടാറ്റ സന്നദ്ധത അറിയിച്ച കാര്യം മുഖ്യമന്ത്രി പറഞ്ഞത്. പതിനായിരം കോടി രൂപ നിക്ഷേപിക്കാനുള്ള പദ്ധതിക്ക് ടാറ്റ ഗ്രൂപ്പ് അനുമതി തേടിയെന്നായിരുന്നു സതീശന് പറഞ്ഞത്. ടാറ്റയുടെ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ ഇതിന് അംഗീകാരം നല്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കുമെന്നും സതീശന് പറഞ്ഞിരുന്നു. ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തിന് പുറമേ മാരിടൈം സെമിനാര്‍ വേദിയിലും മുഖ്യമന്ത്രി അവകാശവാദം ആവര്‍ത്തിച്ചിരുന്നു.
കേരളത്തെ കടല്‍ശക്തിയാക്കാന്‍ 'മിഷന് സമുദ്ര' പദ്ധതി മുഖ്യമന്ത്രി വി ഡി സതീശന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. വിഴിഞ്ഞത്ത് മദര്‍ഷിപ്പ് നിര്‍മ്മാണം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി കപ്പല്‍ശാല സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ പദ്ധതിക്കായി നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചുവെന്നുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. ഇത് വലിയ പ്രാധാന്യത്തോടെയായിരുന്നു മാധ്യമങ്ങള്‍ നല്‍കിയത്.
Content Highlights- Tata Group stated that it has no plans to establish a shipbuilding yard, rejecting the Chief Minister's claim regarding the proposed project.