പൊന്നാനി പീഡനക്കേസ്: 'പ്രതികൾക്കെതിരെ കേസെടുക്കണം'; പൊലീസ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയിൽ തിരിച്ചടി

കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു

കൊച്ചി: പൊന്നാനി പീഡനക്കേസിൽ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സി ഐ വിനോദ് വലിയാറ്റൂർ എന്നിവർക്കാണ് കോടതിയിൽ നിന്നും തിരിച്ചടിയുണ്ടായത്.

മൂന്നുപേർക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മജിസ്‌ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കേസിൽ എഫ്‌ഐആർ ഇതുവരെ രജിസ്റ്റർ ചെയ്തില്ലേയെന്ന് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് സർക്കാറിൻ്റെ മറുപടിക്ക് എന്തുകൊണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന മറുചോദ്യം ഹൈക്കോടതി ചോദിച്ചിരുന്നു. ഹർജി ഹൈക്കോടതിയിൽ നൽകിയത് കൊണ്ടുമാത്രം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരിക്കാനാവില്ലെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് അരാജകത്വം സൃഷ്ടിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കണം. ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ മറുപടി നൽകണം. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി ഇന്നലെ നിരീക്ഷിച്ചു.

എസ്എച്ച്ഒയ്ക്ക് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് സർക്കാരിന് പറയാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നടപ്പാക്കാൻ എസ്എച്ച്ഒയ്ക്ക് ബാധ്യതയുണ്ട്. പൊലീസ് നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട കേസാണിത്. പൊലീസ് ഉടൻ എഫ്ആർ രജിസ്റ്റർ ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

2022 ജനുവരിയിലാണ് പൊന്നാനി സ്വദേശിയായ യുവതി മൂന്ന് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. നീതി തേടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴായിരുന്നു ദുരനുഭവം. ഒടുവില്‍ പരാതി പരിഗണിച്ച് തീരുമാനമെടുക്കാന്‍ മജിസ്ട്രേറ്റ് കോടതിയോട് സുപ്രിംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊന്നാനി പൊലീസിന് പൊന്നാനി മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായതിനാല്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ തലവനായി നിയോഗിച്ച് എസ്ഐടി അന്വേഷിക്കണമെന്നാണ് അതിജീവിത ഉയര്‍ത്തിയ ആവശ്യം.

Content Highlights: High Court Setback for Three Senior Police Officers in Ponnani Case

To advertise here,contact us