കോഴിക്കോട്: ഹൈക്കോടതി പ്ലീഡര്‍ വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി റോജി എം ജോണ്‍. ഓരോ കാര്യങ്ങള്‍ ചെയ്യാനും സംവിധാനമുണ്ടെന്നും എല്ലാം കെഎസ്യുവിനോടും യൂത്ത് കോണ്‍ഗ്രസ്സിനോടും ആലോചിച്ച് തീരുമാനിക്കാന്‍ കഴിയുമോ എന്ന് മന്ത്രി ചോദിച്ചു. കെഎസ്യു തീരുമാനിക്കേണ്ടത് കെ എസ്യു തീരുമാനിക്കുമെന്നും കോണ്‍ഗ്രസ്സും അതിന്റെ പോഷക സംഘടനകളും ചെയ്യാനുള്ളത് അവര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഭരണപരമായി ചെയ്യാനുള്ളത് സര്‍ക്കാര്‍ ചെയ്യുമെന്നും റോജി എം ജോണ്‍ പറഞ്ഞു.
പി എം ശ്രീയുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്നും എന്നാല്‍ ഒരു വിധത്തിലും സര്‍ക്കാറിന് പിന്മാറാന് കഴിയാത്ത രീതിയിലുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടെതെന്നും അദ്ദേഹം വ്യക്തമാക്കി. കീം പരീക്ഷ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു, അടുത്ത വര്‍ഷം മുതല്‍ പരീക്ഷ നടത്തിപ്പിലും അലോട്ട്മെന്റിലും മാറ്റങ്ങള്‍ ഉണ്ടവുമെന്നും കൂടുതല്‍ വിദ്യാർത്ഥി സൗഹൃദമാക്കുമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ പൊതുവേദിയിൽ കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറെ അവഗണിച്ച മുഖ്യമന്ത്രിയുടെ നടപടി വിവാദമായി. വേദിയിൽ സംസാരിച്ചതിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറെ അവഗണിച്ച് മടങ്ങുകയായിരുന്നു. തേവര കോളേജിലെ പരിപാടി കഴിഞ്ഞിറങ്ങവെ മുഖ്യമന്ത്രിയെ കാണാനായി നിന്നവരില്‍ അലോഷ്യസും ഉണ്ടായിരുന്നു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന ചിലരുമായി സംസാരിച്ച വി ഡി സതീശന് അലോഷ്യസിന് മുഖം കൊടുത്തതേയില്ല.
Content Highlight : Can everything be decided only after consulting the KSU and the Youth Congress? — Minister Roji M. John