വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി

കർണാടകയിൽ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു

പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഷൊര്‍ണൂര്‍ പൊലീസിന്റെ അന്വേഷണ സംഘമാണ് കുടുംബത്തെ കണ്ടെത്തിയത്. കര്‍ണാടകയിലെ ചാമരാജ് നഗറിലായിരുന്നു കുടുംബം ഉണ്ടായിരുന്നത്. ഇവിടെ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു.

കാണാതായി എട്ടാം ദിവസമാണ് കുടുംബത്തെ കണ്ടെത്തിയിരിക്കുന്നത്. തിരച്ചിലില്‍ ബാബു ഭാസ്‌കറിന്റെ മൂത്തമകന്‍ വൈശാഖും ഭാഗമായിരുന്നു. അന്വേഷണ സംഘത്തിനൊപ്പം വൈശാഖും കര്‍ണാടകയിലെത്തിയിരുന്നു. ശര്‍ക്കര വ്യാപാരം നടത്തുന്ന കുടുംബത്തിന് മൈസൂരുവില്‍ ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം കര്‍ണാടകയില്‍ അന്വേഷണം വ്യാപിപ്പിച്ചത്. നാടുകാണി ചുരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇവരുടെ പിക്കപ്പ് ജീപ്പ് കണ്ടെത്തിയത് അന്വേഷണത്തില്‍ നിര്‍ണായകമായിരുന്നു.

ബാബു ഭാസ്‌കറിനെയും കുടുംബത്തെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. വീട് പൂട്ടിക്കിടുക്കുന്നത് കണ്ട് സംശയം തോന്നുകയായിരുന്നു. വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ മൂന്നുപേരുടേയും മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിന് പോവുകയാണെന്ന് ചിലരോട് കുടുംബം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയതും കുടുംബത്തെ ഒരുരീതിയിലും ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെയും സംശയം ഉയരുകയായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കവെ മലപ്പുറം വഴിക്കടവ് ചുരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇവരുടെ പിക്കപ്പ് ജീപ്പ് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുടുംബം കര്‍ണാടക അതിര്‍ത്തി കടക്കുന്നതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി. കാണാതായ ദിവസം രാവിലെ തന്നെ മൂന്ന് പേരും കര്‍ണാടക അതിര്‍ത്തി കടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. തിരിച്ചുവരുമ്പോള്‍ വിഷ്ണുമാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ശേഷം വാഹനം മലപ്പുറത്ത് ഉപേക്ഷിച്ച് വിഷ്ണു കടന്നുകളയുകയായിരുന്നു. കുടുംബത്തെ കാണാതായ വിവരം അറിഞ്ഞ് വിദേശത്തായിരുന്ന വൈശാഖും ഭാര്യയും കഴിഞ്ഞ ദിവസമായിരുന്നു നാട്ടിലെത്തിയത്. തുടര്‍ന്ന് കുടുംബത്തെ കണ്ടെത്താന്‍ കര്‍ണാടകയിലേക്ക് പുറപ്പെടുകയായിരുന്നു.

Content Highlights- Police have traced the three-member family that had gone missing from Vaniyamkulam

To advertise here,contact us