മലപ്പുറം: പൊതുവേദിയില്‍ കുട്ടികളെ അപമാനിച്ചുവെന്ന ആരോപണത്തില്‍ കെ ടി ജലീലിന് പിന്തുണയുമായി സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. ജലീലിനെ ഒറ്റപ്പെടുത്തി കടന്നാക്രമിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ജലീല്‍ പങ്കെടുത്ത പൊതുപരിപാടിയുമായി ബന്ധപ്പെട്ട് എംഎസ്എഫും മുസ്ലിം ലീഗും വസ്തുതാ വിരുദ്ധമായ പ്രചാരണം തുടരുകയാണ്. ലീഗില്‍ നിന്ന് ഇറങ്ങിയത് മുതല്‍ ജലീലിനെതിരെ കടന്നാക്രമണം നടത്തുന്നുണ്ട്. ലീഗിലെ കൊള്ളരുതായ്മകള്‍ തുറന്നുകാട്ടിയതിന്റെ പക ഇന്നും അവര്‍ പിന്തുടരുകയാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
ജലീലിനെതിരെ വസ്തുതയുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളായിരുന്നു ഇതുവരെയും വിവാദങ്ങളാക്കി ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ എല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ പൊളിയുന്നതിന്റെ ജാള്യതയിൽ നിന്നാണ് വീണ്ടും വീണ്ടും കഥകള്‍ മെനയുന്നത്. അങ്ങിനെ ഒറ്റപ്പെടുത്തി രാഷ്ട്രീയവേട്ട നടത്താന്‍ സിപിഐഎം അനുവദിക്കില്ല. ഈ സംഭവത്തിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമോ എന്നാണ് ലീഗിന്റെ നോട്ടം. ഇതിനെ കെ ടി ജലീലിനൊപ്പം നിന്ന് രാഷ്ട്രീയമായി നേരിടുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നഗരസഭയിലെ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവം ജലീല്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിവാദത്തിന് കാരണമായ സംഭവം നടന്നത്. ചടങ്ങില്‍ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേയെന്ന് ജലീല്‍ ചോദിക്കുകയായിരുന്നു. പിന്നാലെ വിലാസം തെറ്റിച്ച് എഴുതിയെന്ന് ചൂണ്ടിക്കാട്ടി ഒരു വിദ്യാര്‍ത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തുകയും ചെവിയില്‍ പിടിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ജലീൽ കുട്ടികളെ അപമാനിച്ചുവെന്ന ആരോപണം ഉയർന്നു. ഇതിന് പിന്നാലെ ജലീലിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി എംഎസ്എഫ് രംഗത്തെത്തി. തുടർന്ന് ജലീലിനെതിരെ ബാലാവകാശ കമ്മീഷന് കേസെടുത്തു.
സംഭവത്തില്‍ വിശദീകരണവുമായി ജലീല്‍ രംഗത്തെത്തിയിരുന്നു. കുട്ടികളെ കാണുമ്പോള്‍ പൊതുപ്രവര്ത്തകന് എന്നതിനേക്കാള്‍ തന്നിലെ അധ്യാപകനാണ് ഉയര്ന്നുനില്ക്കാറെന്നും തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകള്‍ക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും ജലീല്‍ പറഞ്ഞു. ഒരു കുട്ടിയുടെ ചെവിയില്‍ പിടിച്ചു എന്നത് ശരിയാണ്. എന്നാല്‍ വിദ്യാര്‍ത്ഥിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ജലീല്‍ വിശദീകരിച്ചിരുന്നു. എംഎസ്എഫിനെതിരെയും ജലീല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കുട്ടികള്‍ക്ക് പിശകുകള്‍ സംഭവിച്ചാല്‍ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് നല്‍കുക എന്നതാണ് മുതിര്‍ന്നവരുടെ, പ്രത്യേകിച്ച് അധ്യാപകരുടെ ചുമതലയെന്നും അല്ലെങ്കില്‍ അവര്‍ എത്ര വളര്‍ന്നാലും മയ, കുയി, പുഴ, പുയു, മയു എന്നൊക്കെയാകും പറയുകയെന്നും ജലീല്‍ പറഞ്ഞിരുന്നു. സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ജലീലിൻ്റെ ഭാഗത്ത് തെറ്റ് സംഭവിച്ചതായാണ് റിപ്പോർട്ടിലുള്ളത്.
Content Highlights- CPI(M) has backed K T Jaleel amid criticism against him, stating that he has faced attacks since leaving the Muslim League.