ആലപ്പുഴ: എംഎൽഎ ഓഫീസിന് മുന്നിൽ സമരം നടത്തിയ സിപിഐഎം നേതാക്കളെ വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. തൻ്റെ നാവിൽ ആണി അടിക്കണം എന്ന് CPM നേതാവ് പ്രസംഗിച്ചുവെന്ന് കുറ്റപ്പെടുത്തിയ ജി സുധാകരൻ ആണിയടിച്ച് കൊന്നത് യേശുക്രിസ്തുവിനെ അല്ലേയെന്നും ചോദിച്ചു. കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്നത് കാടൻ നിയമമാണെന്നും ഇത്തരം കാടൻ നിയമം ആണോ CPMൻ്റേതെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. തന്നെ ആണിയടിക്കാൻ സിപിഐഎം ഓഫീസിൽ ആണി ഫാക്ടറി ഉണ്ടോയെന്നും ഇങ്ങനെ പ്രസംഗിക്കുന്ന സെക്രട്ടറിയെ മാറ്റണ്ടേയെന്നും ജി സുധാകരൻ ചോദിച്ചു. 98 പേരുമായി തൻ്റെ ഓഫീസിനു മുന്നിൽ സമരം നടത്തിയെന്നും മൂന്ന് മണിക്കൂർ ജില്ലാ സെക്രട്ടറിയും ഏരിയ സെകട്ടറിയും മുൻ എം എൽ എയും പ്രസംഗിച്ചുവെന്നും ജി സുധാകരൻ പറഞ്ഞു.
'കോൺഗ്രസ് ഗുണ്ടകളുമായി ഞാൻ പോയി എന്നാണ് പറയുന്നത്. ഞാൻ ഒറ്റയ്ക്കാണ് പോയത്. ഒന്നാമത് അടിവാങ്ങുകയല്ലാതെ അടികൊടുക്കുന്ന ഇടപാട് കോൺഗ്രസുകാർക്കില്ല. ഞാൻ ഗുണ്ടകളുമായി സഞ്ചരിക്കുന്ന ആളാണോ? എന്തിന്? എനിക്ക് അതിൻ്റെ യാതൊരു ആവശ്യവുമില്ല. 75000 വോട്ടർമാരാണ് എനിക്ക് വോട്ട് ചെയ്തത്. ആകെ പോൾചെയ്ത വോട്ടിൻ്റെ 55 ശതമാനം. സിപിഐഎമ്മിനും ബിജെപിക്കും കൂടി കിട്ടിയ വോട്ട് ഒരുമിച്ച് ചേർത്താൽ എനിക്ക് കിട്ടിയത് അതിനേക്കാൾ നാല് ശതമാനം കൂടുതലാണ്' എന്നും സുധാകരൻ പറഞ്ഞു. സിപിഐഎമ്മിൽ നിന്ന് ഇരുപതിനായിരത്തോളം വോട്ടുകൾ തനിക്ക് കിട്ടിയെന്നും ജി സുധാകരൻ പറഞ്ഞു.
എച്ച് സലാമും മറ്റും ചിലരും ചേർന്ന് സിപിഐഎമ്മിനെ എവിടെ കൊണ്ടുപോയി എത്തിച്ചുവെന്നും ജി സുധാകരൻ ചോദിച്ചു. ആളുകളെല്ലാം വിട്ടുപോകുകയാണ്. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഭയങ്കര തോൽവി. കൈനകിരി പോലൊരു പഞ്ചായത്തിലെല്ലാം തോൽക്കുക എന്ന് പറഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ ഇല്ലാതായി എന്നല്ലെ എന്നും ജി സുധാകരൻ ചോദിച്ചു.
Conteng Highlights: Former Kerala minister G. Sudhakaran criticized a CPM leader's controversial speech about driving a nail into the tongue, questioning whether nails were used on Jesus Christ and calling for restraint in political discourse.