കൊച്ചി: കശുവണ്ടി അഴിമതിയിലെ കോടതിയലക്ഷ്യ നടപടിയില്‍ ഹൈക്കോടതിയില്‍ പുതിയ മാപ്പപേക്ഷ നല്കി വ്യവസായ വകുപ്പ് സെക്രട്ടറി. മനസ്സര്‍പ്പിച്ചാണ് പുതിയ പ്രോസിക്യൂഷന് അനുമതിയെന്നാണ് പുതിയ മാപ്പപേക്ഷയില്‍ കെ ബിജു ഐഎഎസ് പറഞ്ഞത്. നിയമവും വസ്തുതയും പരിശോധിച്ചാണ് അനുമതി ഉത്തരവിറക്കിയത്. ഹൈക്കോടതിക്കെതിരായ എല്ലാ പരാമര്‍ശങ്ങളും നീക്കിയാണ് ഉത്തരവിറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ വീഴ്ചകളും പരിഹരിച്ചാണ് പുതിയ പ്രൊസിക്യൂഷന് അനുമതി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവുകള്‍ക്ക് അനുസൃതമായാണ് പ്രൊസിക്യൂഷന് അനുമതി. മനസ്സര്‍പ്പിക്കാതെ ഉത്തരവിറക്കിയതിന് മാപ്പപേക്ഷിക്കുന്നതായും കെ ബിജു ഐഎഎസ് പറഞ്ഞു. ഹൈക്കോടതിയുടെ അന്തസിനെ താഴ്ത്തിക്കാണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ അനുമതി ഉത്തരവില്‍ ഉപയോഗിച്ച ഭാഷ അനുചിതമായിരുന്നെന്നും അദ്ദേഹം സമ്മതിച്ചു. ഇത്തരം വീഴ്ച ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുന്നുവെന്നും കെ ബിജു പറഞ്ഞു. കോടതിയലക്ഷ്യ നടപടിയില്‍ നാളെ തീരുമാനമെടുക്കാനിരിക്കെയാണ് പുതിയ മാപ്പപേക്ഷയുമായി വ്യവസായവകുപ്പ് സെക്രട്ടറി കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസില്‍ കെ ബിജു നേരത്തെ കോടതിയില്‍ മാപ്പപേക്ഷിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. നീതിന്യായ വ്യവസ്ഥയോടും ഹൈക്കോടതിയോടും അങ്ങേയറ്റം ബഹുമാനമാണെന്നും കോടതിയുടെ ഉത്തരവുകള്‍ പാലിക്കാന്‍ ബാധ്യതയുണ്ടെന്ന ബോധ്യമുണ്ടെന്നും ബിജു പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ അധികാരത്തെ വിലകുറച്ചു കാണിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ബിജു സമര്‍പ്പിച്ച മാപ്പപേക്ഷ തള്ളിയ കോടതി ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ത്തിയത്. സര്‍ക്കാരിന്റെ ആയുധമാകരുതെന്ന് കെ ബിജുവിനോട് ഹൈക്കോടതി പറഞ്ഞു. കോടതിയോട് ഏറ്റുമുട്ടരുത്. കോടതിയോട് ഏറ്റുമുട്ടിയാല്‍ ഒരു സര്‍ക്കാരിനും രക്ഷിക്കാനാവില്ല. എങ്ങനെ നേരിടണമെന്ന് കോടതിക്കറിയാം. കോടതിക്ക് അധികാരമില്ലെന്ന് കരുതരുതെന്നും കോടതി പറഞ്ഞിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെയാണ്. അല്ലാതെ സര്‍ക്കാരിനെയല്ല. ഉത്തരവിറക്കുമ്പോള്‍ അക്കാര്യം മനസില്‍ കരുതണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം. ഭീഷണിക്ക് ഉദ്യോഗസ്ഥര്‍ വഴങ്ങരുത്. ധീരന് മരണം ഒരിക്കലേയുള്ളൂവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം ഉത്തരവിറക്കുമ്പോള്‍ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് എഴുതിയില്ല. മനസ്സര്‍പ്പിച്ചാണ് രണ്ടാം ഉത്തരവ് ഇറക്കിയതെന്ന് ഉള്‍പ്പെടുത്തണം. അക്കാര്യം വിശദീകരിച്ച് പുതിയ സത്യവാങ്മൂലം നല്‍കണം. എപിഎം മുഹമ്മദ് ഹനീഷ് എവിടെയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. കോടതിയലക്ഷ്യ നടപടിയില്‍ പുതിയ സത്യവാങ്മൂലത്തിന് ശേഷം ഹൈക്കോടതി തീരുമാനമെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു കെ ബിജു ഐഎഎസിനെതിരെ ഹൈക്കോടതി കോടയിലക്ഷ്യ നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു അന്ന് ഹൈക്കോടതി ഉന്നയിച്ചത്. പ്രതിയാണോ ഉദ്യോഗസ്ഥരിലൂടെ വ്യവസായ വകുപ്പ് ഭരിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു. ഉത്തരവിറക്കിയ ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Content Highlights: The Industries Secretary has submitted a fresh apology before the Kerala High Court in the contempt proceedings linked to the cashew corruption case. The officer stated that the prosecution sanction was granted after examining the legal and factual aspects and that all references concerning the High Court were removed from the order.