തിരുവനന്തപുരം: സംഘപരിവാര്‍ നേതാക്കള്‍ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിച്ചത് ആയുധമാക്കി സിപിഐഎം. വി ഡി സതീശന് ഭരിക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് ബേപ്പൂര്‍ എംഎല്‍എ പി എ മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. നിയമനങ്ങളില്‍ ഉള്‍പ്പെടെ ബിജെപിയുടെ താൽപര്യം സംരക്ഷിക്കുകയാന്നെും അദ്ദേഹം ആരോപിച്ചു. അമ്പത് ദിവസം തികയുന്ന സര്‍ക്കാരിന്റെ ഭരണത്തില്‍ അവരുടെ നിലപാടുകള്‍ പരിശോധിച്ചാല്‍ സിപിഐഎം ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ ശരിയാണെന്നാണ് മനസിലാകുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ബജറ്റില്‍ പോലും കേന്ദ്രത്തിനെ കുറ്റംപറയാന്‍ ധനമന്ത്രിക്ക് കഴിഞ്ഞില്ല. അതേസമയം മുന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഘപരിവാര്‍ നേതാക്കളുടെ കൂടിക്കാഴ്ചയെങ്കിൽ എന്തെല്ലാം കോലാഹലം ഉണ്ടാക്കുമായിരുന്നു എന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രതികരണം. കൂടിക്കാഴ്ചയെക്കുറിച്ച് യുഡിഎഫിന് എന്താണ് പറയാനുള്ളതെന്ന് പി രാജീവും ചോദിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര് വി ബാബു, കെ പി ശശികല അടക്കമുള്ള നേതാക്കളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം നല്കാന് മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ആർ വി ബാബു പങ്കുവെച്ചിരുന്നു. തിരക്കുകള്‍ക്കിടയിലും മുഖ്യമന്ത്രി വളരെ ക്ഷമാപൂര്‍വം കാര്യങ്ങള്‍ കേള്‍ക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്തുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ബാബു കുറിച്ചു. ഇതോടെയാണ് സന്ദർശനം വിവാദമായത്.
നിലവിലെ സര്‍ക്കാരിനെ പലതവണ വിമര്‍ശിച്ചിട്ടുള്ള നേതാവാണ് ആര് വി ബാബു. നേരത്തെ ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ പ്രചാരണത്തിന് ജിഫ്രി മുത്തുക്കോയ തങ്ങളെ ഒപ്പം കൂട്ടിയ ആഭ്യന്തരമന്ത്രിയുടെ നടപടിക്ക് എതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പേരില്‍ ബാബുവിന് എതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ഇതാണ് നിലവില്‍ സിപിഐഎം ആയുധമാക്കിയിരിക്കുന്നത്.
'ഏതെങ്കിലും സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്കുന്നതില് തെറ്റൊന്നുമില്ല. എന്നാല്‍ ചിലര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി നിരങ്ങുകയാണ്. ഓരോ വിഷയങ്ങള്‍ പരിശോധിച്ചാല്‍ ബിജെപിക്ക് എതിരെ പ്രതികരിക്കാന്‍ വി ഡി സതീശന് മടിയുള്ളത് പോലെയാണ്. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. ബിജെപി സര്‍ക്കാര്‍ കേരളം ഭരിക്കുകയാണെങ്കില്‍ എങ്ങനെയാണോ അതിന് സമാനമായ രീതിയിലുള്ള നിയമനങ്ങളും നീക്കങ്ങളുമായാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നീങ്ങുന്നത്. അമ്പത് ദിവസത്തെ ഭരണാനുഭവത്തില് നിന്നും ഇത് മനസിലാക്കാം'- മുഹമ്മദ് റിയാസ് ആരോപിച്ചു. അമ്പത് ദിവസത്തിനുള്ളില്‍ കേരളത്തിന്റൈ മതനിരപേക്ഷ മനസുകളെ വഞ്ചിച്ചിരിക്കുകയാണ് വി ഡി സതീശന് സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം കേരളത്തിലെ 'അന്നത്തെ' മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചാല്‍ പിറ്റേദിവസം അത് ബിജെപി ഡീലാകുമെന്നാണ് പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനങ്ങൾക്ക് എതിരെ ഉയർന്ന വിവാദങ്ങളെ ചൂണ്ടിക്കാട്ടി പി രാജീവ് പ്രതികരിച്ചത്. 'അന്നത്തെ മുഖ്യമന്ത്രി' ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ആഭ്യന്തരമന്ത്രിയെ കണ്ടാല്‍ അതും ബിജെപിയുമായുള്ള ഡീലാക്കും. സഭയ്ക്ക് അകത്തും പുറത്തും മാധ്യമങ്ങളിലും അത് ഡീലാണെന്ന് പ്രചരിപ്പിക്കപ്പെടും. ഔദ്യോഗികമായി കാണുന്നത് ഡീലാണെന്നും രഹസ്യബന്ധമാണെന്നും അവതരിപ്പിച്ച ആളുകള്‍ ഇപ്പോള്‍ അങ്ങനെ ചെയ്യുന്നു എന്നതാണ് പ്രധാനം. അവരുടെ രീതിയാണ് ചര്‍ച്ചയ്ക്ക് വകവെച്ചതെന്നും പി രാജീവ് പ്രതികരിച്ചു.
Content Highlights: Minister Mohammed Riyas criticised Opposition Leader V.D. Satheesan over the meeting between Sangh Parivar leaders and the Chief Minister. Riyas alleged that Satheesan’s actions are benefiting the BJP, triggering a political debate in Kerala.