ആലപ്പുഴ: ആലപ്പുഴയില്‍ ജി സുധാകരന്- സിപിഐഎം പോര് കനക്കുന്നു. നീര്‍ക്കുന്നം സ്കൂളിലുണ്ടായ വാക്കേറ്റത്തിനും കയ്യാങ്കളിയ്ക്കും പിന്നാലെ ജി സുധാകരനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സിപിഐഎം. ജി സുധാകരന്റെ എംഎല്‍എ ഓഫീസിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടക്കും. അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നീര്‍ക്കുന്നം ഗവ. യുപി സ്കൂളില്‍ സിപിഐഎം നേതാക്കളുടെ നേതൃത്വത്തിലുളള പിടിഎ അഴിമതി നടത്തുന്നു എന്നാണ് സുധാകരന്റെ ആരോപണം. ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം സ്കൂളിലെത്തിയ സുധാകരനും സിപിഐഎം നേതാക്കളുമായി തര്‍ക്കവും അടിപിടിയുമുണ്ടായിരുന്നു.
അതിനിടെ ജി സുധാകരനെതിരെ അഴിമതി ആരോപണവുമായി മുന്‍ എംഎല്‍എ എച്ച് സലാം രംഗത്തെത്തി. പാര്‍ട്ടിയുടെ പേരില്‍ സുധാകരന് പാലത്ര കണ്‍സ്ട്രക്ഷന്റെ പക്കല്‍ നിന്നും പണം വാങ്ങിയെന്നാണ് എച്ച് സലാമിന്റെ ആരോപണം. 2021 തെരഞ്ഞെടുപ്പ് കാലത്ത് ജി സുധാകരന് നിരവധി ആളുകളില്‍ നിന്ന് പണം പിരിച്ചെന്നും പിരിച്ച പണം എവിടെ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും എച്ച് സലാം ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയുടെയും പേര് പറഞ്ഞാണ് പലരില്‍ നിന്നും ലക്ഷങ്ങള്‍ പിരിച്ചത്. ഇത് വ്യക്തമാക്കിയിട്ട് സുധാകരന് അഴിമതി വിരുദ്ധ പ്രഭാഷണം നടത്തിയാല്‍ മതിയെന്നും എച്ച് സലാം വെല്ലുവിളിച്ചു.
'സിപിഐഎം കാണിക്കുന്ന അവധാനത ദൗര്‍ബല്യമായി സുധാകരന് കരുതരുത്. ഏത് സ്വഭാവത്തില്‍ പ്രതികരിക്കണമെന്ന് നന്നായി അറിയാവുന്ന പാര്‍ട്ടിയാണ്. സുധാകരന് പറയുന്നതിന് അതേ തൂക്കത്തിലും വാക്കിലും പ്രതികരിക്കാന്‍ അറിയാഞ്ഞിട്ടല്ല. സര്‍ക്കാര്‍ സ്കൂളിനെ പറ്റി അനാവശ്യമായി ആക്ഷേപം ഉന്നയിക്കുകയാണ്. സുധാകരന് ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ നിയമപരമായി പരാതി നല്‍കൂ. ഗുണ്ടകളുമായി വന്ന് ജനപ്രതിനിധികളെയും പാര്‍ട്ടി നേതാക്കളെയും ജി സുധാകരന് കയ്യേറ്റം ചെയ്തു. ആക്രമണത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സുധാകരന് അക്രമികളുമായി പ്ലാന്‍ ചെയ്ത് എത്തുകയായിരുന്നു. സ്കൂളിനെ തകര്‍ക്കലാണ് സുധാകരന്റെ ലക്ഷ്യം. സ്കൂളില്‍ നിന്നും മണ്ണെടുത്ത് കൊണ്ടുപോയി എന്നാണ് ആരോപണം. സ്കൂളിലെ സിസിടിവി പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകും. സിപിഐഎമ്മിനെ പളളുപറയാനാണ് സുധാകരന് പൊതുവേദികള്‍ ഉപയോഗിക്കുന്നത്. മെഡിക്കല്‍ കോളേജിലെ നിയമനങ്ങളെ പറ്റിയും ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ വിജിലന്‍സ് അന്വേഷിക്കാന്‍ ജി സുധാകരന് കത്ത് എന്തുകൊണ്ട് കൊടുക്കുന്നില്ല', എച്ച് സലാം ചോദിച്ചു.
ഇന്നലെ അമ്പലപ്പുഴ നീര്‍ക്കുന്നം സ്കൂളില്‍ വെച്ചാണ് സിപിഐഎം പ്രവര്‍ത്തകരും ജി സുധാകരന് എംഎല്‍എയും തമ്മിൽ വാക്കുതർക്കമുണ്ടായത്. സ്കൂളില്‍ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നു എന്ന ആരോപണം അന്വേഷിക്കാന്‍ എത്തിയതായിരുന്നു സുധാകരന്. ഈ സമയം ഇവിടെയെത്തിയ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മുന്‍ സിപിഐഎം പ്രസിഡന്റും അംഗങ്ങളും ആണ് സുധാകരനുമായി തർക്കമുണ്ടായത്. സ്കൂളിലെ കെട്ടിടം പൊളിച്ച ശേഷം അവിടെ നിന്ന് മണ്ണ് അനധികൃതമായി കടത്തുന്നു എന്നായിരുന്നു സുധാകരന്റെ ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പമായിരുന്നു സുധാകരന് സ്കൂളിലേക്കെത്തിയത്. ആ സമയം സ്കൂള്‍ പിടിഎ പ്രസിഡന്റും മുന്‍ എംഎല്‍എ എച്ച് സലാമിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന പ്രശാന്ത് കുട്ടി, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് എന്നിവര്‍ അവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വലിയ തര്‍ക്കമുണ്ടാകുകയായിരുന്നു.
Content Highlights: Massive political controversy in Alappuzha as MLA H Salam levels severe corruption allegations against G Sudhakaran, claiming he accepted money from Palatra Construction in the name of the party.