'സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നത്?'; പൊലീസിനെതിരെ അന്‍സിബ ഹസ്സൻ

പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെയാണ് അന്‍സിബ രംഗത്തെത്തിയത്

കൊച്ചി: നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെതിരെ അന്‍സിബ ഹസ്സൻ. പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെയാണ് അന്‍സിബ രംഗത്തെത്തിയിരിക്കുന്നത്. വിഷയം കേവലം ഒരു 'മാനനഷ്ടക്കേസ്' മാത്രമാണ് എന്നാണ് പാലാരിവട്ടം പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞതെന്ന് അൻസിബ ചൂണ്ടിക്കാട്ടി. 'അന്‍സിബ നല്‍കുന്ന പരാതികള്‍ അന്വേഷിക്കലല്ല കേരള പൊലീസിന്റെ ജോലി' എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതായും അറിഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് അൻസിബ ആഞ്ഞടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അൻസിബയുടെ പ്രതികരണം. മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും കേരള പൊലീസ് മേധാവിയെയും ടാഗ് ചെയ്താണ് അന്‍സിബ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

പ്രതികളുടെ നിലവിലെ പ്രവർത്തി തന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് താൻ നിയമപരമായി പരാതി നൽകിയത്. ഇനി, അധികാരികൾ കാണുന്ന സ്ത്രീകൾക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കിൽ, താൻ നൽകിയ പരാതിയുടെ പേരിൽ ക്ഷമ ചോദിക്കുന്നു. പക്ഷേ, ഈ വിഷയത്തിൽ നീതിതേടി ഏതറ്റം വരെ പോകാനും താൻ തയ്യാറാണ്. കാരണം, നിങ്ങൾ തകർക്കാൻ ശ്രമിച്ചത് തന്റെ അന്തസ്സിനെയാണ്. അത് നഷ്‌ടപ്പെടുമ്പോഴുള്ള വേദന അനുഭവിക്കുന്നവൾക്ക് മാത്രമേ മനസ്സിലാകൂ. നിങ്ങൾക്കത് മനസ്സിലാകില്ല. കാരണം, ആ വേട്ടക്കാർ നിങ്ങളിലേക്ക് എത്തുന്നതുവരെ നിങ്ങൾ സുരക്ഷിതരാണല്ലോയെന്നും അൻസിബ ചോദിച്ചു.

നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പാലാരിവട്ടം പൊലീസ് അന്‍സിബയെ അറിയിച്ചിരുന്നു. 'വീഡിയോ വിശദമായി പരിശോധിച്ചതില്‍ ഡിഫമേഷന്‍ വകുപ്പ് [356 BNS] പ്രകാരമുള്ള കുറ്റം മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്നും മറ്റ് ഒഫന്‍സുകള്‍ ഒന്നും നടന്നിട്ടില്ല എന്നും പൊലീസ് പറഞ്ഞിരുന്നു.

ലക്ഷ്മിപ്രിയക്കും കാന്‍ മീഡിയ ചാനലിനുമെതിരെ ജൂണ്‍ 26നായിരുന്നു അന്‍സിബ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങള്‍ നടത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്.

ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

എന്നെ യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും, ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയില്‍ എത്തിച്ച് അസത്യപ്രചാരണം നടത്തുകയും ചെയ്ത പ്രതികള്‍ക്കെതിരെ ഞാന്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ വിഷയം കേവലം ഒരു 'മാനനഷ്ടക്കേസ്' മാത്രമാണ് എന്നാണ് പാലാരിവട്ടം പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്! അതിനൊപ്പം, അന്‍സിബ നല്‍കുന്ന പരാതികള്‍ അന്വേഷിക്കലല്ല കേരള പോലീസിന്റെ ജോലി എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതായും അറിയാന്‍ കഴിഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നതെന്ന് വ്യക്തമാക്കണം; എങ്കില്‍, ഇത്തരം സാഹചര്യങ്ങളില്‍ നേരിടേണ്ടി വരുന്ന അപമാനങ്ങള്‍ ക്ഷമിച്ചുകളയാന്‍ ഞാന്‍ തയ്യാറാണ്.

പ്രതികളുടെ നിലവിലെ പ്രവർത്തി എന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് ഞാൻ നിയമപരമായി പരാതി നൽകിയത്. ഇനി, അധികാരികൾ കാണുന്ന സ്ത്രീകൾക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കിൽ, ഞാൻ നൽകിയ പരാതിയുടെ പേരിൽ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പക്ഷേ, ഈ വിഷയത്തിൽ നീതിതേടി ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ്. കാരണം, നിങ്ങൾ തകർക്കാൻ ശ്രമിച്ചത് എന്റെ അന്തസ്സിനെയാണ്, എന്റെ സ്ത്രീത്വത്തെയാണ്. അത് നഷ്‌ടപ്പെടുമ്പോഴുള്ള വേദന അനുഭവിക്കുന്നവൾക്ക് മാത്രമേ മനസ്സിലാകൂ; നിങ്ങൾക്കത് മനസ്സിലാകില്ല. കാരണം, ആ വേട്ടക്കാർ നിങ്ങളിലേക്ക് എത്തുന്നതുവരെ നിങ്ങൾ സുരക്ഷിതരാണല്ലോ!

കേസിലും കടവന്ത്ര ഒന്നോർക്കുക, ഹിൽപ്പാലസ് കേസിലും നിങ്ങൾ ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഒടുവിൽ നിങ്ങൾക്ക് ജനമധ്യത്തിൽ നാണംകെട്ട് നീതി നടപ്പിലാക്കേണ്ടി വന്നു. ഈ കേസിലും അതിൽനിന്നും വ്യത്യസ്‌തമായി ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഈ വിഷയത്തിൽ ഭരണകൂടത്തിന്റെ സകല ശക്തിയും നിങ്ങൾ പാലാരിവട്ടം കേസിനായി ഉപയോഗിച്ചാലും, അതിനെയെല്ലാം അതിജീവിച്ച് എന്റെ സ്ത്രീത്വവും നീതിയും തലയുയർത്തിപ്പിടിച്ചു നിൽക്കുക തന്നെ ചെയ്യും. തീർച്ച!

Content Highlights: Actress Ansiba Hassan has reacted to the police report stating that no case can be registered on her complaint against actress Lakshmipriya over an alleged YouTube insult.

To advertise here,contact us