വിഴിഞ്ഞത്തെ ഓഹരി വിൽപ്പന സിപിഐഎം അറിഞ്ഞിരുന്നു; അദാനി ഗ്രൂപ്പ് വിവരം പുറത്തുവിടും മുൻപേ ദേശാഭിമാനിയിൽ വാർത്ത

വിഴിഞ്ഞത്തെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎം വലിയ പ്രതിഷേധം നടത്തുമ്പോഴാണ് അവർ അതിനെ അനുകൂലിച്ചതിന്റെ തെളിവുകൾ പുറത്തുവരുന്നത്

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഓഹരി വിൽപ്പനയിൽ പ്രതിരോധത്തിലായി സിപിഐഎം. ഓഹരി വിൽപ്പനയെപ്പറ്റി അറിഞ്ഞില്ലെന്ന് സിപിഐഎം നേതാക്കൾ പറയുമ്പോഴും ഓഹരി വിൽപ്പനയെ അനുകൂലിച്ച് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ജൂൺ അഞ്ചിലെ പത്രത്തിലാണ് ഓഹരി വാങ്ങാനുളള എംഎസ്‌സിയുടെ നീക്കത്തെ പുകഴ്ത്തി വാർത്ത വന്നത്. ഓഹരി വിൽപ്പന അദാനി ഗ്രൂപ്പ് പുറത്തുവിട്ടത് ജൂൺ മുപ്പതിനാണ്. വിഴിഞ്ഞത്തെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎം വലിയ പ്രതിഷേധം നടത്തുമ്പോഴാണ് അവർ അതിനെ അനുകൂലിച്ചതിന്റെ തെളിവുകൾ പുറത്തുവരുന്നത്.

'വിഴിഞ്ഞത്ത് വരും എംഎസ്‌സി ടെർമിനൽ' എന്ന തലക്കെട്ടോടെ സുനീഷ് ജോ എന്ന ബൈ ലൈനിലാണ് ദേശാഭിമാനിയിൽ റിപ്പോർട്ട് വന്നത്. വിഴിഞ്ഞം തുറമുഖത്ത് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പിങ് കമ്പനി എംഎസ്‌സിയുടെ ടെർമിനൽ വരാൻ സാധ്യതയേറി എന്നും അതിന്റെ ഭാഗമായി ഓഹരികൾ വാങ്ങും എന്നുമാണ് ദേശാഭിമാനി വാർത്തയിൽ പറയുന്നത്. 49 ശതമാനം വരെ ഓഹരിയാണ് എംഎസ്‌സി ലക്ഷ്യമിടുന്നതെന്നും അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും എംഎസ്‌സി പ്രതിനിധികളുമായുളള ചർച്ച പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 'തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ച് ഒരുവർഷത്തിന് ശേഷം അതിന്റെ 25 ശതമാനം ഒഴിച്ചുളള ഓഹരികൾ വിൽക്കാം. കരാറിലെ ഈ വ്യവസ്ഥ അനുസരിച്ചാണ് ഓഹരി വിപണന ചർച്ച പുരോഗമിക്കുന്നത്' എന്നും ദേശാഭിമാനി തിരുവനന്തപുരം എഡിഷനിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നുണ്ട്.

Content Highlights: A political controversy erupts in Kerala as reports emerge that CPIM was aware of the Vizhinjam Port share sale, with the party mouthpiece Deshabhimani publishing the news before Adani Group made it public.

To advertise here,contact us