തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും. എസ് പി സിനി ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പരീക്ഷ കണ്ട്രോളര് നടത്തുന്ന അന്വേഷണം നിര്‍ത്തിവയ്ക്കാനും തീരുമാനമുണ്ട്. ഇന്ന് ചേര്‍ന്ന പി എസ് സി യോഗമാണ് തീരുമാനം എടുത്തത്. ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറക്കിയിരുന്നില്ല. പകരം പരീക്ഷാ കണ്‍ട്രോളര്‍ക്ക് അന്വേഷണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് വലിയ വിവാദമായി. കേസ് അട്ടിമറിക്കാന്‍ പിഎസ്സി ചെയര്മാന് രഹസ്യമായാണ് കണ്‍ട്രോളറെ അന്വേഷണം ഏല്‍പ്പിച്ചതെന്നായിരുന്നു ആരോപണം. വിഷയത്തില്‍ പിഎസ്സി ആസ്ഥാനത്തേക്ക് ഇന്ന് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
അന്വേഷണം അട്ടിമറിക്കപ്പെടുന്നെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കേസ് അഴിമതി നിരോധന പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്. പിഎസ്സി സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണെന്നും അത്കൊണ്ട് വിജിലന്‍സ് അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശമുണ്ടായിരുന്നു.
എന്നാല്‍ ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്സി ചെയര്‍മാനോ അംഗങ്ങള്‍ക്കോ എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനാകില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം വരുന്ന ആക്ഷേപങ്ങളില്‍ വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു നിയമോപദേശം. അന്വേഷണം വിജിലന്‍സ് ഏറ്റെടുത്താല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതിന് പിന്നലെയാണ് പിഎസ്സി യോഗം ആഭ്യന്തര വിജിലന്‍സിന് അന്വേഷണം കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ തേടുന്നതിനായി ആഭ്യന്തരമന്ത്രി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുമെന്നും അറിയിച്ചിരുന്നു.
അസൂത്രണ ബോഡിലെ മൂന്ന് വിഭാഗങ്ങളുടെ ചിഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയില്‍ 10 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടിരുന്നു. ഇതില്‍ രണ്ട് തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് പേര്‍ക്ക് നിയമനം നല്കി. ഇതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതി എത്തിയപ്പോഴാണ് പിഴവ് പിഎസ്സി സമ്മതിച്ചത്.
പിഎസ്സിയെക്കുറിച്ച് ഒട്ടേറേ പരാതികളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലഭിക്കുന്നത്. ഫിഷറീസ് വകുപ്പിലെ എക്സ്റ്റെന്ഷന് ഓഫീസര്‍, അസിസ്റ്റന്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡിവൈഎസ്പി. (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്.), സര്‍വകലാ ശാല പിആര്‍ഒ. തസ്തികകളിലെ തി രഞ്ഞെടുപ്പ് നടപടികളെക്കുറിച്ചാണ് പരാതികള്‍ കൂടുതലും. ഈ പരാതികളും വിജിലന്‍സ് അന്വേഷണത്തിന് കൈമാറാനാണ് ആലോചന.
Content Highlights: The probe into the alleged PSC exam irregularities has been entrusted to the Internal Vigilance SP. Meanwhile, the inquiry led by the Examination Controller has been stopped, marking a significant development in the investigation.