കണ്ണൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് സിപിഐഎം ഒന്നും പഠിച്ചിട്ടില്ലെന്ന് മുന്‍ സിപിഐഎം നേതാവും പയ്യന്നൂര്‍ എംഎല്‍എയുമായ വി കുഞ്ഞികൃഷ്ണന്. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കുഞ്ഞികൃഷ്ണന് വിമര്‍ശിച്ചു. ധനരാജ് രക്തസാക്ഷി ദിനാചരണത്തില്‍ നിന്ന് ടി ഐ മധുസൂദനനെ മാറ്റിനിര്‍ത്തണം. സാധാരണ രീതിയില്‍ രക്തസാക്ഷി ദിനാചരണത്തില്‍ നിന്ന് മധുസൂദനനെ മാറ്റേണ്ടതായിരുന്നുവെന്നും കുഞ്ഞികൃഷ്ണന് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു വി കുഞ്ഞികൃഷ്ണന്റെ പ്രതികരണം.
ധനരാജ് രക്തസാക്ഷി ദിനാചരണ സംഘാടകസമിതിയുടെ ഭാരവാഹിയാണ് ടി ഐ മധുസൂദനന്. പയ്യന്നൂരിലെ നേതൃത്വം ഇപ്പോഴും ടി ഐ മധുസൂദനനാണ്. രക്തസാക്ഷി അനുസ്മരണത്തില്‍ നിന്ന് മധുസൂദനനെ മാറ്റിനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പാര്‍ട്ടി നേതൃത്വം അക്കാര്യം കാര്യമായി ചിന്തിക്കേണ്ടതാണെന്നും കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
വിവാദങ്ങള്‍ ഉണ്ടാക്കുന്നത് സിപിഐഎം നേതൃത്വമാണെന്നും കുഞ്ഞികൃഷ്ണന് വിമര്‍ശിച്ചു. എം വി ജയരാജനും എം വി ഗോവിന്ദനും പരസ്പരം തിരുത്തുകയാണ്. താന്‍ ഇപ്പോഴും സ്വതന്ത്രനാണ്. യുഡിഎഫ് തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചു എന്ന് മാത്രമേയുള്ളൂ. ഫണ്ട് തിരിമറിയില്‍ പാര്‍ട്ടി നടപടി എടുക്കാത്തതാണ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നയിച്ചത്. പാര്‍ട്ടി സമീപനം വേറെയായിരുന്നുവെങ്കില് താന്‍ സ്ഥാനാര്‍ത്ഥിയാവുമായിരുന്നില്ല. ജനങ്ങളുടെ മേല്‍ സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പ്പിക്കാനാണ് സിപിഐഎം ശ്രമിച്ചത്. വ്യക്തികളെ ചൂണ്ടി ചര്‍ച്ചയും തിരുത്തലുകളും നടക്കുന്നില്ല. ചെയ്തവര്‍ തന്നെ കീഴെ വിശദീകരിക്കുന്നതാണ് രീതിയെന്നും കുഞ്ഞികൃഷ്ണന് കുറ്റപ്പെടുത്തി.
Content Highlights- V. Kunhikrishnan criticised the CPI(M), stating that the party has failed to learn any lessons from its election defeat