മലപ്പുറം: മുസ്ലിം ലീഗ് മന്ത്രിമാര്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ച് എംഎസ്എഫ്. മലപ്പുറം ജില്ലാ കമ്മിറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്. പേര്‍സണല്‍ സ്റ്റാഫ് നിയമങ്ങളില്‍ മന്ത്രിമാര്‍ തന്നിഷ്ടം കാണിക്കുന്നെന്നാണ് പ്രമേയത്തിലെ വിമര്‍ശനം. ഭരണം ലഭിച്ചപ്പോള്‍ എംഎസ്എഫ് അവഗണിക്കപെട്ടെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു.
മന്ത്രിമാരുടെ സ്വയം ഭരണ പ്രവണതകള്‍ക്കെതിരെ അമര്‍ഷം രേഖപെടുത്തുന്നതാണ് പ്രമേയം. പേര്‍സണല്‍ സ്റ്റാഫ് നിയമനങ്ങളെ സുതാര്യമാക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ ഉപസമിതിയെ നോക്കു കുത്തിയാക്കിയെന്നും പ്രമേയത്തില്‍ പറയുന്നു. മന്ത്രിമാര്‍ തന്നിഷ്ട പ്രകാരം സ്വന്തം ആളുകളെ തിരുകി കയറ്റി. ഏകപക്ഷീയമായ ഈ നടപടി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന അണികളോടും, പാര്‍ട്ടിയോടുമുള്ള വഞ്ചനയാണ്. പോഷക സംഘടനകള്‍ സമര്‍പ്പിച്ച ശുപാര്‍ശ ലിസ്റ്റ് മന്ത്രിമാര്‍ തള്ളി. കഴിഞ്ഞ 10 വര്‍ഷം സമരം ചെയ്തവരെയും ജയില്‍ വാസം അനുഷ്ഠിച്ചവരെയും മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയവരെയും മനപൂര്‍വം മാറ്റി നിര്‍ത്തിയെന്നും വിമര്‍ശനമുണ്ട്.
പാര്‍ട്ടിക്കും വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച നിരവധി പ്രവര്‍ത്തകരെ പരിഗണിക്കാതെ, മുന്‍പ് പദവികള്‍ വഹിച്ചവര്‍ക്കും ചില പ്രത്യേക വ്യക്തികള്‍ക്കും വീണ്ടും അവസരം നല്‍കിയെന്നും പ്രമേയം ആരോപിക്കുന്നു. രാഷ്ട്രീയ ബോധ്യമോ പാര്‍ട്ടി കൂറോ ഇല്ലാത്തവരെയാണ് പേര്‍സണല്‍ സ്റ്റാഫില്‍ തിരുകി കയറ്റിയത്. എംഎസ്എഫ് പ്രതിനിധികള്‍ മന്ത്രിമാരുടെ സ്റ്റാഫില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. പാര്‍ട്ടിയുടെ അച്ചടക്കത്തെ വെല്ലുവിളിച്ച് മന്ത്രിമാര്‍ നടത്തിയ നിയമനത്തില്‍ മുസ്ലിം ലീഗ് നേതൃത്വം ഇടപെടണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പി.എം ശ്രീ നടപ്പാക്കരുതെന്ന ആവശ്യവും പമേയത്തിലുണ്ട്.
Content Highlights: The MSF has reportedly adopted a resolution alleging that Muslim League ministers made appointments by favouring their own supporters. The resolution raises concerns over transparency and internal party functioning, adding a new dimension to the ongoing political debate. The issue is expected to trigger further discussions within the party leadership.