'പൂപോലുമറിയാതെ പൂമ്പാറ്റ തേന്‍ നുകരുന്നതുപോലെ വി ഡി സതീശന്‍ വകുപ്പുകള്‍ കവര്‍ന്നു ഇപ്പോള്‍ കടലും കവരുന്നു'

മന്ത്രിസഭാ രൂപീകരണ സമയത്ത് വി ഡി സതീശന്റെ മുഖത്ത് കണ്ട കോണ്‍ഫിഡന്‍സ് എന്താണെന്ന് ആളുകള്‍ക്ക് ഇപ്പോഴാണ് മനസിലായതെന്നും റഹീം പറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ മംഗലാപുരം യാത്രയുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി രാജ്യസഭാ എംപി എ എ റഹീം. കടല്‍കൊളളയ്ക്ക് മുന്‍പ് നടന്നത് വകുപ്പ് കൊളളയാണെന്നും ചുറ്റിലും ഇരുന്ന തന്റെ പാര്‍ട്ടിക്കാര്‍ പോലും അറിയാതെ സതീശന്‍ വകുപ്പുകൊളള നടത്തിയെന്നും എ എ റഹീം പറഞ്ഞു. മന്ത്രിസഭാ രൂപീകരണ സമയത്ത് വി ഡി സതീശന്റെ മുഖത്ത് കണ്ട കോണ്‍ഫിഡന്‍സ് എന്താണെന്ന് ആളുകള്‍ക്ക് ഇപ്പോഴാണ് മനസിലായതെന്നും തനിക്ക് ആവശ്യമായ വകുപ്പുകള്‍ എടുത്ത് അതിന്റെ അടിസ്ഥാനത്തിലാണ് കടല്‍കൊളളയ്ക്ക് വഴിയൊരുക്കി കൊടുക്കുന്നതെന്നും എ എ റഹീം പറഞ്ഞു.

'വി ഡി സതീശന്‍ പണ്ട് നികുതി പിരിവുമായി ബന്ധപ്പെട്ട് ഒരു കാര്യം പറഞ്ഞിരുന്നു. പൂമ്പാറ്റ പൂവില്‍ നിന്ന് തേന്‍കുടിക്കുന്നതുപോലെ പൂ പോലുമറിയാതെ എന്നാണ് അത്. അതുപോലെ പൂ പോലുമറിയാതെ, ചുറ്റിലും ഇരുന്ന തന്റെ പാര്‍ട്ടിക്കാര്‍ പോലുമറിയാതെ അദ്ദേഹം ഒരു തേന്‍ കുടിച്ചിട്ടുണ്ട്. കടല്‍കൊളളയ്ക്ക് മുന്‍പ് നടന്നത് വകുപ്പ് കൊളളയാണ്. മന്ത്രിസഭാ രൂപീകരണ സമയത്ത് വി ഡി സതീശന്റെ മുഖത്ത് കണ്ട കോണ്‍ഫിഡന്‍സ് എന്താണെന്ന് ആളുകള്‍ക്ക് ഇപ്പോഴാണ് മനസിലായത്. തനിക്ക് ആവശ്യമായ എല്ലാ വകുപ്പുകളും പൂമ്പാറ്റ പൂ പോലുമറിയാതെ എടുത്തിരുന്നു. ആരോരുമറിയാതെ ആദ്യം നടന്ന കൊളള വകുപ്പുകൊളളയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കടല്‍ക്കൊളളയ്ക്ക് വഴിയൊരുക്കി കൊടുക്കുന്നത്. ഇത് കേരളത്തിന്റെയും വിഴിഞ്ഞത്തിന്റെയും ഭാവിക്ക് പ്രശ്‌നമാണ്. രാജ്യസുരക്ഷയുടെയും മോണോപോളിയുടെയും പ്രശ്‌നങ്ങളുയരുന്നുണ്ട്. കെ സി വേണുഗോപാല്‍ തന്നെ വെടിപൊട്ടിച്ചിട്ടുണ്ട്. കെ സി വേണുഗോപാലിനോ കോണ്‍ഗ്രസിനോ പോലും ദഹിക്കാത്ത ഉടമ്പടിയിലേക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം എങ്ങനെ പോയി? ഇതിന് വി ഡി സതീശന്റെ മംഗലാപുരം യാത്രയുമായി ബന്ധമുണ്ടോ? അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനെ കാണാന്‍ പോകുന്നതിന് മുന്‍പ് പോയി കണ്ടത് അദാനി ഗ്രൂപ്പിന്റെ പ്രസിഡന്റിനെയാണ്. അതിനുശേഷം വകുപ്പുകൊളള നടത്തി. എന്നിട്ടാണ് കടല്‍കൊളളയ്ക്ക് വഴിയൊരുക്കിയത്. വലിയ കൊളളയാണ് വെളിപ്പെട്ടിരിക്കുന്നത്': എ എ റഹീം പറഞ്ഞു.

 വി ഡി സതീശന്റെ ചെയ്തികള്‍ രാഹുല്‍ ഗാന്ധിയുടെ ചെകിട്ടത്തുളള അടിയാണെന്ന് കഴിഞ്ഞ ദിവസം ജോൺ ബ്രിട്ടാസ് എംപി പറഞ്ഞിരുന്നു. 'വിഴിഞ്ഞത്തില്‍ വി ഡി സതീശന് ഒരു ആശയക്കുഴപ്പവുമില്ല. അധികാരത്തില്‍ വരികയാണെങ്കില്‍ അദാനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഗൂഢാലോചന നടന്നിരുന്നു. ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ പോയി അദാനിയുടെ ആളുകളെ വി ഡി സതീശന്‍ കണ്ടിരുന്നു. എന്തിനാണ് ഇത്ര ധൃതി പിടിച്ച് ചാര്‍ട്ടേര്‍ഡ് വിമാനമെടുത്ത് മംഗലാപുരത്തേക്ക് പോയത്? എന്തിനാണ് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ തന്നെ പോയത്? വിമാനത്തില്‍ പോകാന്‍ എവിടെ നിന്നാണ് പണം ലഭിച്ചതെന്ന് പറയണം. ആരാണ് വിമാനത്തിന് പണം മുടക്കിയത്? ആരാണ് ആര്യാടന്റെ ആ ബന്ധു? ജീവിച്ചിരിക്കുമ്പോള്‍ ആര്യാടന്‍ മുഹമ്മദിനെ കാണാത്ത വ്യക്തിയാണ് ആര്യാടന്റെ ബന്ധുവിനെ കാണാന്‍ പോയത്' എന്നാണ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്.

Content Highlights: Rajya Sabha MP AA Rahim has raised sharp questions against Chief Minister VD Satheesan, demanding clarification over his allegedly mysterious and secret trip to Mangalapuram (Mangaluru).

To advertise here,contact us