KSRTC ഓർഡിനറി ബസിലെ സൗജന്യ യാത്ര: ഉദ്ഘാടനം ബഹിഷ്‌കരിക്കാൻ CPIM; ചരിത്രപരമായ വിഡ്ഢിത്തമാകരുതെന്ന് CP ജോൺ

പറയുന്നത് അല്ല സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിലെ സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങ് സിപിഐഎം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി ഏത് ഭാഗത്തും യാത്ര ചെയ്യാമെന്നായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പറഞ്ഞതെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

'മലബാറില്‍ അപൂര്‍വമായി മാത്രമേ ഓര്‍ഡിനറി ബസുള്ളു. ഉദ്ഘാടനത്തില്‍ സഹകരിക്കില്ല, ആളെ പറ്റിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പദ്ധതിയോട് എതിര്‍പ്പില്ല. എന്നാല്‍ പറയുന്നത് അല്ല സര്‍ക്കാര്‍ നടപ്പാക്കുന്നത്', എം വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ഗതാഗതവകുപ്പ് മന്ത്രി സി പി ജോണ്‍ രംഗത്തെത്തി. വിട്ടുനില്‍ക്കല്‍ ചരിത്രപരമായ വിഡ്ഢിത്തരം ആവരുതെന്ന് സി പി ജോണ്‍ പറഞ്ഞു. ബഹിഷ്‌കരിച്ചാല്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും സി പി ജോണ്‍ ചോദിച്ചു. വിട്ടുനില്‍ക്കുകയാണെങ്കില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

'തൊഴിലാളികളായ സ്ത്രീകള്‍ക്ക് പ്രയോജനമുള്ള പദ്ധതിയാണ്. തൊഴിലാളി പാര്‍ട്ടി വിട്ട് നില്‍ക്കരുതെന്നാണ് അഭ്യര്‍ത്ഥിക്കുന്നത്. സൗജന്യ ബസ് എന്തായാലും ഓടും. സാധാരണക്കാരായ സ്ത്രീകള്‍ക്ക് നല്‍കുന്ന ആനുകൂല്യത്തില്‍ നിന്നും തൊഴിലാളി പാര്‍ട്ടി വിട്ടുനില്‍ക്കരുത്', സി പി ജോണ്‍ പറഞ്ഞു.

അതേസമയം സൗജന്യ യാത്ര ഫ്രീ ബീ പദ്ധതി അല്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ ബസിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും സര്‍ക്കാരിന്റെ നയം ഇതാണെന്നും സി പി ജോണ്‍ പറഞ്ഞു. എംവിഡി സഹായത്തോടെ കെഎസ്ആര്‍ടിസി ബസുകളുടെ കാര്യക്ഷമത പരിശോധിക്കണമെന്നും ബസുകള്‍ റീസ്റ്റോര്‍ ചെയ്യണമെന്നും സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു. വിരമിച്ച എഞ്ചിനീയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണം. ഗ്രാമവണ്ടികളുടെ എണ്ണം ആയിരമാക്കണം. പഞ്ചായത്ത് പറയുന്ന റൂട്ടില്‍ ഓടിക്കണമെന്നും സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: CPM MLAs are set to boycott the inauguration of the KSRTC ordinary bus free travel scheme, adding a political dimension to the rollout of the much-discussed public transport initiative.

To advertise here,contact us