തിരുവനന്തപുരം: മലയാളിയായ യുവാവിനെ തേടി കേരളത്തിലെത്തിയ വിദേശ വനിത ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരത്ത് എത്തിയ ശ്രീലങ്കന്‍ സ്വദേശിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവതിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് ശ്രീലങ്കന്‍ യുവതി കഠിനംകുളം സ്വദേശിയായ നജീമിനെ അന്വേഷിച്ച് തിരുവനന്തപുരത്ത് എത്തിയത്. യുവതിയെ കാണാന്‍ യുവാവോ അയാളുടെ ബന്ധുക്കളോ കൂട്ടാക്കിയില്ല. ഇതോടെയാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
അബുദാബിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ് നജീമും ശ്രീലങ്കന്‍ സ്വദേശിനിയും. ഇരുവരും പ്രണയത്തിലായി. എന്നാല്‍ യുവതി ഗര്‍ഭിണിയായതോടെ നജീം നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് യുവതിയുടെ ഗര്‍ഭഛിദ്രവും നടത്തിയിരുന്നു. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ് നജീം.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് തവണ ശ്രീലങ്കന്‍ സ്വദേശിനിയായ യുവതി തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. അബുദാബിയില്‍ മാളില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പ്രണയത്തിലായതും ഗര്‍ഭിണിയായതും. നജീം കേരളത്തിലേക്ക് കടന്നുകളഞ്ഞതോടെ ഇവര്‍ ഇയാളെ തേടിയെത്തി. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി യുവതി കേരളത്തിലെത്തുന്നത്. അന്ന് നജീം യുവതിയെ പോത്തന്‍കോട് ഒരു വാടക വീട്ടില്‍ താമസിപ്പിച്ച് ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. താന്‍ പിന്നാലെ വന്നോളാമെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞാണ് നജീം അവരെ ശ്രീലങ്കയിലേക്ക് പറഞ്ഞുവിട്ടത്.
അവിടെനിന്ന് യുവതി വീണ്ടും അബുദാബിയിലേക്ക് പോയെങ്കിലും നജീമുമായി സംസാരിക്കാനായില്ല. ഇതോടെ ഇവര്‍ വീണ്ടും മെയ് മാസത്തില്‍ തിരുവനന്തപുരത്തേക്ക് എത്തി. അന്ന് യുവതിയെ പൊലീസ് ഇടപെട്ട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ആക്കി. അവിടെ നിന്ന് മടങ്ങിയ യുവതി വീണ്ടും നജീമിനെ തേടി എത്തുകയായിരുന്നു. നജീം വിവാഹിതനാണ് എന്ന കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അടുത്തത്. ഇന്നലെ തിരുവനന്തപുരത്തെത്തിയ യുവതിക്കെതിരെ നജീമിന്റെ ഭാര്യ പൊലീസില്‍ പരാതി നല്കി. നജീമിനെ കാണാൻ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ഇന്ന് 9 മണിക്ക് തിരിച്ച് ശ്രീലങ്കയിലേക്ക് പോകാനിരിക്കെയാണ് 50-ലധികം പാരസെറ്റമോള്‍ ഗുളികകള്‍ കഴിച്ച് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് യുവതി ഇപ്പോള്‍.
Content Highlights: srilankan woman who arrived in trivandrum in search of her partner man attempted to kill herself