കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകൻ കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച സർക്കാർ നീക്കം വിവാദത്തിൽ. സ്പെഷൽ ഗവൺമെന്റ് പ്ലീഡർ എന്ന പദവി പ്രത്യേകമായി നൽകി പ്രദീപിനെ നിയമിച്ച തീരുമാനമാണ് ഇപ്പോൾ സംശയമുനയിൽ ആയിരിക്കുന്നത്. ഇതുവരെ സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു.
ശബരിമല സ്വർണ്ണക്കവർച്ചയിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് കെ ബി പ്രദീപായിരുന്നു. ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ ദേവസ്വം ബെഞ്ച് സ്വമേധയാ സ്വീകരിച്ച ഹർജിയിലായിരുന്നു പ്രദീപ് സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി ഹാജരായത്. അന്വേഷണത്തിന് എസ്ഐടിയെ നിയോഗിച്ചതോടെ ഹർജിയിൽ നിന്ന് സ്മാർട്ട് ക്രിയേഷൻസിനെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും അഭിഭാഷകനെയും ഹൈക്കോടതി ഒഴിവാക്കുകയായിരുന്നു. എസ്ഐടിയുടെ രേഖകൾ സ്മാർട്ട് ക്രിയേഷൻസിനും അഭിഭാഷകനും ലഭിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഹൈക്കോടതിയുടെ ഈ നടപടി. തുടർന്ന് ദേവസ്വം വകുപ്പിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അഭിഭാഷകരെ മാത്രം ഉൾപ്പെടുത്തി പുതിയ ഹർജി ദേവസ്വം ബെഞ്ച് ഫയലിൽ സ്വീകരിക്കുകയായിരുന്നു.
ഈ നിലയിൽ രേഖകൾ ലഭ്യമാക്കുന്നതിൽ നിന്ന് ഹൈക്കോടതി വിലക്കിയ അഭിഭാഷകനെയാണ് സർക്കാർ പ്രത്യേക പരിഗണന നൽകി ഇപ്പോൾ ദേവസ്വം വകുപ്പിൻ്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ആയി നിയമിച്ചിരിക്കുന്നത്. നിയമനത്തോടെ ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട എസ്ഐടി രേഖകൾ ലഭിക്കാൻ സ്പെഷൽ ജിപിയായ കെബി പ്രദീപിന് മുന്നിൽ തടസങ്ങളില്ല. സ്വർണ്ണക്കവർച്ചയ്ക്ക് പിന്നാലെ സ്മാർട്ട് ക്രിയേഷൻസിനെ പരസ്യമായി ന്യായീകരിച്ച അഭിഭാഷകനെത്തന്നെ ദേവസ്വം ബോർഡിന് വേണ്ടി നിയോഗിക്കുമ്പോൾ താൽപര്യങ്ങളിലെ വൈരുദ്ധ്യം പ്രകടമാണ്.
2019 ല്‍ ദ്വാരപാലക ശില്പത്തില് സ്വര്‍ണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉപയോഗിച്ചതെന്ന് നേരത്തെ ശബരിമല സ്വർണ്ണക്കൊള്ള കേസ് പരിഗണിച്ച കോടതി വ്യക്തമാക്കിയിരുന്നു. 2019ല്‍ പാളിയില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാര്‍ട്ട് ക്രിയേഷന്‍സിന് ഉണ്ടായിരുന്നില്ല. പാളികള്‍ കൊണ്ടുപോയ ഉണ്ണികൃഷ്ണന് പോറ്റി പിന്നീട് കൊണ്ടുവന്നത് ചെമ്പുപാളിയാണ്. 474.9 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതെന്നും കോടതി കേസ് പരിഗണിക്കവേ പറഞ്ഞിരുന്നു. ഈ നിലയിൽ സ്വർണ്ണക്കൊള്ള കേസിൽ സംശയമുനയിലുഉ്ള സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി ഹാജരായ അഭിഭാഷകനെ തന്നെ പ്രത്യേക പദവി നൽകി ദേവസ്വം ബോർഡ് നിയമിച്ചതിലാണ് നിഗൂഢത നിറയുന്നത്.
ഇതിനിടെ സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപ് കുമാറിൻ്റെ നിയമനമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ സർക്കാർ അഭിഭാഷകനാക്കിയ സംഭവം കേസ് അട്ടിമറിക്കാനും കേസിലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന ആരോപണമാണ് മുൻ നിയമമന്ത്രിയും സിപിഐഎം നേതാവുമായ പി രാജീവ് ഉയർത്തിയിരിക്കുന്നത്. ഒരു സർക്കാരും ധൈര്യപ്പെടാത്ത കാര്യമാണിതെന്നും നടപടിയിൽ നിഗൂഢതയുണ്ടെന്നും പി രാജീവ് കുറ്റപ്പെടുത്തി. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് തീരുമാനം. പോറ്റിക്ക് സോണിയ ഗാന്ധിയെ കാണാൻ രണ്ട് തവണ അവസരം ലഭിച്ചത് എങ്ങനെയാണെന്നും പി രാജീവ് ചേദിച്ചു. ഈ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അവർക്ക് വേണ്ടിയാണോ ഈ നിയമനമെന്നും പി രാജീവ് ചോദിച്ചു.
കെ ബി പ്രദീപിൻ്റെ നിയമനത്തിൽ യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് മുൻ ധനകാര്യമന്ത്രി കെ എൻ ബാലഗോപാലും രംഗത്തെത്തി.
സ്വർണ്ണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ അവരുടെ ഏജൻ്റ് തന്നെ സർക്കാർ വക്കീലാകുന്ന വിസ്മയം എന്നായിരുന്നു ബാലഗോപാലിൻ്റെ പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബാലഗോപാലിൻ്റെ വിമർശനം. കൂടുതൽ വിസ്മയങ്ങൾക്കായി കാത്തിരിക്കാമെന്നും സോഷ്യൽ മീഡിയ റീലുകൾ ഉപയോഗിച്ച് 'സ്വർണ്ണം പൂശിയെത്തിയ' യുഡിഎഫ് സർക്കാരിൻ്റെ വഞ്ചനയുടെ ചെമ്പ് ഒരോന്നായി തെളിയുന്നുവെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു. വരും ദിവസങ്ങളിൽ സർക്കാരിന്റെ പല 'ചെമ്പുകളും' തെളിഞ്ഞുവരുമെന്നും ബാലഗോപാൽ പറഞ്ഞു.
Content Highlights: The Kerala High Court declined access to SIT records related to the Sabarimala gold theft case. Meanwhile, Pradeep Kumar has now joined the government's side in the ongoing legal proceedings.