തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്ന് മാധ്യമ വിലക്കിനെ ചോദ്യം ചെയ്ത വി ഡി സതീശന് അധികാരത്തിലേറിയപ്പോള്‍ മനം മാറ്റം. പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന അതേ മാധ്യമ വിലക്ക് തുടരാനാണ് വി ഡി സതീശന് സര്‍ക്കാരിന്റെ തീരുമാനം.മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ ഒരാഴ്ച മുന്‍പ് തുടങ്ങിയ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫീസുകളിലേക്കും വ്യാപകമാക്കിയിരിക്കുകയാണ്. സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോര്‍ത്ത് ഗേറ്റ് ബാരിക്കേഡ് വെച്ച് അടച്ചു.
പ്രതിപക്ഷത്തിരുന്ന് പറഞ്ഞതെല്ലാം, അധികാരത്തിലേറിയ ശേഷം തിരുത്തുന്ന നിലപാടാണ് വി ഡി സതീശന് നിലവില്‍ സ്വീകരിക്കുന്നത് എന്ന് നേരത്തേ തന്നെ വിമർശനം ഉയർന്നിരുന്നു. പൊതുസന്ദര്‍ശകര്‍ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ മറയാക്കിയാണ് മാധ്യമങ്ങള്‍ക്ക് നിലവില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള പ്രത്യേക ശുപാര്‍ശ ഇല്ലാതെ അകത്ത് പ്രവേശിപ്പിക്കേണ്ടതില്ല എന്നതാണ് സതീശന് സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാര്‍ അംഗീകൃത അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരെപ്പോലും അകത്ത് പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് നൽകിയിരിക്കുന്ന നിര്‍ദ്ദേശം.
സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സന്ദര്‍ശക സമയം വൈകിട്ട് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ പരിമിതപ്പെടുത്തുകയായിരുന്നു. സന്ദര്‍ശകര്‍ വര്ധിച്ചതോടെയായിരുന്നു സര്‍ക്കാര്‍ നടപടി. പാസ് എടുത്തോ അല്ലെങ്കില്‍ അകത്ത് നിന്ന് സെക്യൂരിറ്റി ഗേറ്റിലേക്ക് വരുന്ന ഫോണ്‍ കോള്‍ വഴിയോ മാത്രമേ അകത്തേയ്ക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെ മറവിലാണ് മാധ്യമ പ്രവർത്തകർക്കുള്ള വിലക്ക്.
പിണറായി സര്‍ക്കാരിന്റെ കാലത്ത് സെക്രട്ടേറിയറ്റില്‍ മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി അന്ന് പ്രതിപക്ഷ നേതാവായിരുന്ന സതീശന് വ്യാപക വിമര്‍ശനമായിരുന്നു ഉന്നയിച്ചിരുന്നത്. സമര കവാടത്തിലെ നിയന്ത്രണത്തിലും സതീശന് വിമര്‍ശിച്ചിരുന്നു. അധികാരത്തിലെത്തിയതിന് പിന്നാലെ സമര കവാടം തുറന്നിരുന്നു. അന്ന് വി ഡി സതീശന് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. 'സമര കവാടമെന്ന് വിളിപ്പേരുള്ളതാണ് സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് നോര്‍ത്ത് ഗേറ്റ് തുറന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് നോര്‍ത്ത് ഗേറ്റ് തുറക്കുന്നതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. സതീശന് പങ്കുവെച്ച പോസ്റ്റിന് താഴെ അന്ന് അഭിനന്ദന പ്രവാഹമായിരുന്നു. എന്നാല്‍ അതേ സമര കവാടമാണ് ഇപ്പോള്‍ അടച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Content Highlights- A political controversy has arisen over media restrictions at the Secretariat. Critics argue that leaders who previously opposed such measures have altered their position after gaining power