കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസ്; അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഐഎം

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് നടപടി

കണ്ണൂര്‍: കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഐഎം. കണ്ണൂര്‍ വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ശരത്തിനെയാണ് പുറത്താക്കിയത്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് നടപടിയെടുത്തതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

ഒരിടവേളയ്ക്ക് ശേഷമാണ് കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം പൊട്ടിക്കല്‍ സംഘം സജീവമായിരിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഗള്‍ഫില്‍ നിന്ന് സ്വര്‍ണം നാട്ടിലെത്തിക്കുക എന്നത് ലാഭകരമാണ്. ഇതാണ് സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ സംഘം സജീവമാകാന്‍ കാരണമായിരിക്കുന്നത്. കരിപ്പൂരില്‍ അറസ്റ്റിലായ പതിമൂന്നില്‍ ഒന്‍പത് പേര്‍ കണ്ണൂര്‍ സ്വദേശികളാണ്.

അതില്‍ ആറ് പേര്‍ മുഴക്കുന്ന് സ്വദേശികളാണ്. ഇക്കൂട്ടത്തിലാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടുന്നത്. സംഘത്തെ പിടികൂടുന്ന സമയത്ത് വിമാനത്താവളത്തിന് പുറത്ത് കാറില്‍ കുറച്ചുപേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് വിവരം അറിഞ്ഞ് സംഘം കടന്നുകളഞ്ഞതായും ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

സൗദി അറേബ്യയിലുള്ള കണ്ണൂര്‍ പടന്നോട്ട് സ്വദേശി അന്‍സാര്‍, പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി അലി അക്ബര്‍ എന്നിവരുടെ നിര്‍ദ്ദശ പ്രകാരമാണ് സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. സ്വര്‍ണം പൊട്ടിക്കലിന് ആസൂത്രണം നടത്തിയതിന്റെ വാട്സ്ആപ്പ് ചാറ്റുകള്‍ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഞായറാഴ്ചയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘം പൊലീസിന്റെ പിടിയിലാകുന്നത്. അസ്വാഭാവിക പെരുമാറ്റം കണ്ട് പൊലീസ് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതേ ദിവസം തന്നെയാണ് വിമാനത്താവളത്തില്‍ എത്തിയ മഞ്ചേരി മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സല്‍മാന്‍ സാലിഹിന്റെ കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Content Highlights: cpim expels branch secretary arrested in karipur gold smuggling case

To advertise here,contact us