റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; ആലപ്പുഴയിൽ ഒരു മാസത്തിനിടെ മാറ്റിയത് 122 പേരെ, പ്രതികാര നടപടിയെന്ന് ആരോപണം

താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ നിന്നാണ് കൂട്ട സ്ഥലം മാറ്റം

ആലപ്പുഴ: റവന്യൂ വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം. ആലപ്പുഴയില്‍ ഒരു മാസത്തിനുള്ളില്‍ 122 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ഭിന്നശേഷിക്കാരനായ ജോയിന്റ് കൗണ്‍സില്‍ നേതാവിനെ ജില്ലയുടെ അതിര്‍ത്തിയിലേക്ക് സ്ഥലം മാറ്റി. താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ നിന്നാണ് കൂട്ട സ്ഥലം മാറ്റം. വെള്ളിയാഴ്ച മാത്രം 45 ക്ലര്‍ക്കുമാരെ സ്ഥലം മാറ്റി കളക്ടര്‍ ഉത്തരവിറക്കി.

ഭരണം മാറിയ ആദ്യ ദിവസങ്ങളിലാണ് 58 വില്ലേജ് ഓഫീസര്‍മാരെയും 19 സീനിയര്‍ ക്ലര്‍ക്കുമാരെയും സ്ഥലം മാറ്റിയത്. സര്‍ക്കാര്‍, ഹൈക്കോടതി ട്രിബ്യൂണല്‍ ഉത്തരവുകളെ മറികടന്നാണ് സ്ഥലം മാറ്റമെന്നാണ് പരാതി. സ്ഥലംമാറ്റം പ്രതികാരനടപടിയെന്നും പിന്നില്‍ എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണെന്നും ആരോപണമുണ്ട്.

നേരത്തെ ഫിഷറീസ്‌ വകുപ്പിലും കൂട്ട സ്ഥലംമാറ്റം നടത്തിയിരുന്നു. വനിതാ ഉദ്യോഗസ്ഥരടക്കം 42 പേരെയാണ്‌ സ്ഥലം മാറ്റിയത്‌. ശനിയാഴ്ച വൈകിട്ട്‌ ഇറക്കിയ ഉത്തരവിൽ ജോയിന്റ്‌ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ്‌ ഡയറക്ടർ തസ്‌തികയിലുള്ളവരെയാണ്‌ മാറ്റിയത്‌.

Content Highlights: Mass Transfer in Alappuzha Revenue Department

To advertise here,contact us