കൊച്ചി: സലിം കുമാര്‍ മലയാളിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായുള്ള നഷ്ടം കൂടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ടൗണ്‍ഹാളിലെത്തി നടന് അന്തിമോപചാരം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു വി ഡി സതീശന്. സഹോദരതുല്യനായ ആളെയാണ് നഷ്ടമായത്. താന്‍ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും കമ്മിറ്റി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തിരുന്നത് സലിം കുമാറായിരുന്നു. അത് തന്റെ അവകാശമാണെന്നായിരുന്നു സലിം പറഞ്ഞിരുന്നത്.
'കക്ഷി രാഷ്ട്രീയ ബോധ്യത്തില്‍ ഒട്ടും വെള്ളം ചേര്‍ക്കാത്ത ആളായിരുന്നു. അവസാന ശ്വാസം വരെെ ഉറച്ച രാഷ്ട്രീയ ബോധ്യത്തില്‍ നിന്നയാളാണ് എന്റെ സ്നേഹിതനെന്ന കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്. ഇത്ര പെട്ടെന്നൊരു വിടപറയല്‍ ഉണ്ടാകുമെന്ന് കരുതിയില്ല', സലിം കുമാറിന്റെ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സലിം കുമാറിന്റെ മരണം വലിയ നഷ്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു. മലയാളിക്ക് മറക്കാനാകാത്ത നടനാണ് അദ്ദേഹം. താൻ കോൺഗ്രസാണെന്ന് അഭിമാനത്തോടെ പറഞ്ഞുകൊണ്ടേയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി 10.43ഓടെ അമൃത ആശുപത്രിയില്‍വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണം.
പൊതുദർശനത്തിന് ശേഷം വൈകിട്ട് മൂന്ന് മണിയോടെ വീട്ടുവളപ്പിലാണ് സലിം കുമാറിന്റെ ഭൗതിക ശരീരം സംസ്കരിക്കുക. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. പൊലീസ് ബ്യൂഗിള്‍ സല്യൂട്ട് നല്‍കും. മരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്കരിക്കണമെന്ന് സലിം കുമാര്‍ മുന്‍പ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. വീട്ടുവളപ്പില്‍ സംസ്കരിക്കണമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് സംസ്കാര ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
Content Highlights: VD Satheesan: Salim Kumar Will Remain an Unforgettable Face for Malayalis