പിണറായി വിജയന്‍ സഭയില്‍ നനഞ്ഞ കോഴി, സിപിഐഎം നന്നാകാന്‍ പോകുന്നില്ല: ജി സുധാകരന്‍

നിയമസഭയിലെ മറ്റു സിപിഐഎം നേതാക്കളെയും ജി സുധാകരന്‍ പരിഹസിച്ചു

ആലപ്പുഴ: പിണറായി വിജയന്‍ സഭയില്‍ നനഞ്ഞ കോഴിയെന്ന് ജി സുധാകരന്‍ എംഎല്‍എ. വെള്ളത്തില്‍ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയിലാണ് അദ്ദേഹമെന്നും സുധാകരന്‍ പറഞ്ഞു. തന്റെ എംഎല്‍എ ഓഫീസ് ഉദ്ഘാടന വേളയിലായിരുന്നു ജി സുധാകരന്റെ വിമര്‍ശനം. നിയമസഭയിലെ മറ്റ് സിപിഐഎം നേതാക്കളെയും ജി സുധാകരന്‍ പരിഹസിച്ചു.

കെ എന്‍ ബാലഗോപാലിന് സഭയില്‍ മിണ്ടാട്ടമില്ല. വി ഡി സതീശനെതിരെ പറയാന്‍ ഒരു നേതാക്കള്‍ക്കും കഴിയുന്നില്ല. എഴുന്നേറ്റ് നിന്ന് പറയാന്‍ സഭയില്‍ ആരെങ്കിലും വേണ്ടേയെന്നും അദ്ദേഹം പരിഹസിച്ചു. തോമസ് ഐസക്ക് ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞേനെ. സഭയിലെ പ്രകടനത്തില്‍ തനിക്ക് സങ്കടം തോന്നി. ഇടത്തോട്ട് മുണ്ടുടുത്താല്‍ മാത്രം ഇടതുപക്ഷം ആകില്ല. വലത്തോട്ട് മുണ്ടുടുത്താല്‍ വലതുപക്ഷവും ആകില്ല.

ആലപ്പുഴ നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ആയി ഒരുത്തിയെ കൊണ്ടുവന്ന് പിന്നീട് മറ്റൊരുത്തിയെ കൊണ്ടുവന്നു. അതുകൊണ്ട് ഭരണം എല്‍ഡിഎഫിന് നഷ്ടമായെന്നും ജി സുധാകരന്‍ പറഞ്ഞു. സിപിഐഎമ്മില്‍ അംഗീകാരമുള്ള യുവജന നേതാവില്ല. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടിയാണ് ലീഗ്. ഊന്നുവടിയില്‍ നടക്കുന്ന സിപിഐഎം കോണ്‍ഗ്രസ് ചെളിക്കുണ്ടിലാണെന്ന് പറയുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സുവര്‍ണ്ണ കാലഘട്ടമാണ്. സമൂഹത്തില്‍ സിപിഐഎമ്മിന്റെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടുവെന്നും അടുത്തകാലത്തൊന്നും സിപിഐഎം നന്നാകാന്‍ പോകുന്നില്ലെന്നും ജി സുധാകരന്‍ പ്രതികരിച്ചു.

Content Highlights:G Sudhakaran Criticises Pinarayi Vijayan

To advertise here,contact us