തിരുവനന്തപുരം: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിലെ പ്രശ്നങ്ങളിൽ പ്രതികരണവുമായി സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. ആഭ്യന്തര പ്രശ്നങ്ങൾ അമ്മ തന്നെ പരിഹരിക്കാമെന്ന് ഭാരവാഹികൾ ഉറപ്പുനൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. താര സംഘടനയുടെ ആഭ്യന്തര കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഇടപെടേണ്ട സാഹചര്യങ്ങളിൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. കുക്കു പരമേശ്വരൻ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തെന്നും പ്രശ്നങ്ങൾ പ്രതിനിധികൾ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. വിനോദ നികുതി പെട്ടെന്ന് ഉറപ്പുനൽകാൻ കഴിയില്ലെന്നും പ്രശ്നം ആണെന്ന് മനസിലാക്കുന്നു, ആ ആവശ്യം മുന്നിൽ വന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 'വ്യവസായിക സ്റ്റാറ്റസ് ഇതുവരെ സിനിമാ മേഖലയ്ക്ക് ഇല്ല. അങ്ങനെ ഒരു ആവശ്യം ഉയർന്നു. ക്ലിയറൻസ് ഏകചാലക സംവിധാനം, ഇ ടിക്കറ്റിംഗ് എന്നിവ വേണമെന്ന ആവശ്യം ഉയർന്നു. പൈറസി തടയാൻ കൊച്ചിയിലും മലബാറിലും സോൺ ഓഫീസ് നടപ്പിലാക്കും'; മന്ത്രി പി സി വിഷ്ണുനാഥ് വ്യക്തമാക്കി.
Content Highlights: they will resolve the problems of Amma organisation themselves ': PC Vishnunath