'യാഥാർത്ഥ്യം തിരിച്ചറിഞ്ഞില്ലെങ്കിൽ തിരിച്ചടി വലുതായിരിക്കും'; വെള്ളാപ്പള്ളിയെ മന്ത്രി സന്ദർശിച്ചതിൽ റിജിൽ

നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ട് ഒരു ഈഴവനും ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടില്ലെന്ന് റിജിൽ മാക്കുറ്റി

കണ്ണൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മന്ത്രി ബിന്ദു കൃഷ്ണ സന്ദര്‍ശിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ട് ഒരു ഈഴവനും ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടില്ലെന്നും ഈ യാഥാര്‍ത്ഥ്യം നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കില്‍ തിരിച്ചടി വലുതായിരിക്കും എന്നുമായിരുന്നു റിജില്‍ മാക്കുറ്റി പറഞ്ഞത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയയിരുന്നു റിജിലിന്റെ വിമര്‍ശനം.

വെള്ളാപ്പള്ളിയെ മന്ത്രി ബിന്ദു കൃഷ്ണ സന്ദര്‍ശിച്ചതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ വ്യാപക വിമര്‍ശനം ഏല്‍ക്കേണ്ടിവന്ന വെള്ളാപ്പള്ളി നടേശനോട് അടുക്കുന്ന സമീപനാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ഇതിന് പുറമേ എന്‍ഡിഎ ഘടകക്ഷി നേതാവ് കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയ്‌ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി ബിന്ദു കൃഷ്ണ സന്ദര്‍ശിച്ചത്. വെള്ളാപ്പള്ളിയുടെ മുന്നില്‍ ബിന്ദു കൃഷ്ണ കൈകൂപ്പി നില്‍ക്കുന്നതും അദ്ദേഹം തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ അടക്കം വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ നേതാവിനെ കാണാന്‍ പോയത് തെറ്റാണെന്നും മന്ത്രിയില്‍ നിന്ന് രാഷ്ട്രീയ മര്യാദകള്‍ പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ദുല്‍ഖിഫില്‍ പറഞ്ഞത്. സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാന്‍ നോക്കുന്നവരെ അകറ്റി നിര്‍ത്താന്‍ കഴിയണമെന്നും ദുല്‍ഖിഫില്‍ പറഞ്ഞിരുന്നു.

ബിന്ദു കൃഷ്ണയുടെ നടപടിയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ എ ആബിദ് അലിയും രംഗത്തെത്തിയിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയതില്‍ വി ഡി സതീശനോടൊപ്പം തന്നെ പ്രാധാന്യം അര്‍ഹിക്കുന്നയാളാണ് വെള്ളാപ്പള്ളി എന്ന സമുദായ നേതാവെന്നും അങ്ങനെ ഒരു മാന്ത്രികനെ ബിന്ദു കൃഷ്ണ കണ്ടതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു ആബിദിന്റെ പരിഹാസം. മന്ത്രിയെ വിമര്‍ശിച്ച് യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാക്കിറും രംഗത്തെത്തി. യുഡിഎഫ് നേതാക്കളെ പുലഭ്യം പറഞ്ഞയാളെ അങ്ങോട്ട് ചെന്ന് കണ്ടത് നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്നായിരുന്നു ഷാക്കിര്‍ പറഞ്ഞത്. വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് 'ക്ഷീരദിനാശംകള്‍' എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ബിന്ദു കൃഷ്ണ ചെയ്തത്. മന്ത്രിയുടെ പ്രതികരണത്തിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Content Highlights- Rijil Makkutty criticized the minister’s visit to Vellappally Natesan and stated that failing to recognize political realities could result in strong repercussions

To advertise here,contact us