പാറശ്ശാല: പൈല്‍സ് നീക്കം ചെയ്യുന്നതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവസയ്കന്‍ ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ആശുപത്രിയുടെ ജനല്‍ച്ചില്ല് തകര്‍ത്താണ് ഇദ്ദേഹം രക്ഷപ്പെട്ടത്. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച പനച്ചമൂട് സ്വദേശി മാത്യു (68) ആണ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്.
തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ശനിയാഴ്ച മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ആശുപത്രി ജനല്‍ച്ചില്ല് തകര്‍ത്ത് മാത്യു രക്ഷപ്പെട്ടത്. ചില്ല് തര്ന്നുവീഴുന്ന ശബ്ദം കേട്ട് ആശുപത്രി ജീവനക്കാര്‍ എത്തിയെങ്കിലും മാത്യുവിനെ കണ്ടില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പാറശ്ശാല പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പൊലീസ് എത്തി ആശുപത്രി പരിസരത്ത് പരിശോധന നടത്തിയെങ്കിലും മാത്യുവിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ മാത്യു ആശുപത്രിക്ക് പുറത്തേക്ക് കടന്നതായി പൊലീസിന് വ്യക്തമായി.
തിങ്കളാള്ച രാവിലെ കുറുങ്കൂട്ടിക്ക് സമീപത്തെ ഒരു വീടിന്റെ മുകളിലേക്കുള്ള പടിക്കെട്ടില്വെച്ചിരുന്ന വിറകുകൊള്ളികള്‍ സ്ഥാനം മാറിക്കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. വീട്ടുകാര്‍ ടെറസില്‍ കയറി നോക്കുമ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ മാത്യുവിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പാറശ്ശാല പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി മാത്യുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് ഇതെന്ന് വ്യക്തമായത്.
Content Highlights- A patient admitted to a hospital for piles treatment reportedly escaped after becoming fearful of undergoing surgery. The individual allegedly broke a window to flee and was later found with bleeding injuries.