തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് കണ്ടെത്തല്‍. ചവിട്ടില്‍ അർഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റു. തലയ്ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീര്‍ക്കെട്ടുണ്ടാക്കിയെന്നും കോടതിയില്‍ പൊലീസ് അറിയിച്ചു.
കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടെന്നാണ് വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. കൊലപാതകത്തിൽ അമ്മ അഖിലയ്ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പണം തട്ടിയ കേസുകളിലും അഷ്കറിനെതിരെ അന്വേഷണമുണ്ടാകും. സ്ത്രീകളില്‍ നിന്ന് പണം തട്ടല്‍ പ്രതി പതിവാക്കിയിരുന്നുവെന്നാണ് ലഭ്യമായ മൊഴികളില്‍ നിന്ന് പൊലീസിന് വ്യക്തമായത്. വിവാഹ വാഗ്ദാനം നല്കി പണം തട്ടുന്നതു സംബന്ധിച്ച പരാതികളാണ് അന്വേഷിക്കുക.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു.
ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പകുതിയും പഴയ മുറിവുകളായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ അഷ്കര്‍ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില് നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ അഷ്കര്‍ മര്‍ദ്ദിച്ചിരുന്നതായി അഖിലയും സമ്മതിച്ചിരുന്നു.
കുഞ്ഞിനെ അഷ്കര്‍ മര്‍ദ്ദിക്കുന്നത് അഖില നോക്കിനിന്നിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. വടികൊണ്ട് അടിക്കുന്നതും മര്‍ദ്ദിക്കുന്നതും അഖില കണ്ടിരുന്നു. കുഞ്ഞ് ക്രൂര മര്‍ദ്ദനവും പീഡനവും നേരിട്ടിട്ടും അഖില പ്രതികരിച്ചിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു അഷ്കറിന്റെ ലക്ഷ്യമെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. കുഞ്ഞ് മരിക്കുന്ന ദിവസം അഖില എവിടെയായിരുന്നു എന്നതടക്കം പൊലീസിന്റെ അന്വേഷണ പരിധിയില്‍ ഉണ്ട്. സംഭവ ദിവസം തമിഴ്നാട്ടില്‍ ഡാന്‍സ് പരിപാടിക്ക് പോയിരുന്നു എന്നായിരുന്നു അഖിലയുടെ മൊഴി. ഇക്കാര്യങ്ങളടക്കം പൊലീസ് വിശദമായി അന്വേഷിക്കും.
അര്‍ഷിദിന്റെ പിതാവും അഖിലയുടെ ആദ്യ ഭര്‍ത്താവുമായ അഖിലിന്റെ മരണത്തിലും അഖിലയ്ക്കൊപ്പം ഡാന്‍സ് സ്കൂളില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മരണവും അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. രണ്ട് മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സംശയത്തിലാണ് പൊലീസ്. അഖിലയുടെയും അഖിലിന്റെയും പ്രണയ വിവാഹമായിരുന്നു. അഖില അര്‍ഷിദിനെ ഗര്‍ഭം ധരിച്ചിരിക്കെയായിരുന്നു അഖിലിന്റെ മരണം. അഖില്‍ ജീവനൊടുക്കിയതാണെന്നാണ് പിതാവ് സുനില്‍ കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്.
അഷ്കറിന് മുന്‍പ് അഖിലയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും ഇക്കാര്യം അഖില്‍ അറിഞ്ഞെന്നും പിന്നീട് വിഷയം പൊലീസ് സ്റ്റേഷന് വരെ എത്തിയിരുന്നതായും സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. പൊലീസ് സ്റ്റേഷനില്‍ വെച്ച് അഖിലുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി അഖില പറഞ്ഞു. ഇതിന് പിന്നാലെ വീട്ടില്‍ എത്തിയ അഖില്‍ ജീവനൊടുക്കുകയായിരുന്നുവെന്നും സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. അഖിലിന്റെ മരണത്തിന് പിന്നിലെ കാരണങ്ങള്‍ വിശദമായി തന്നെ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
Content Highlights: Nedumangad Toddler Died Due to Severe Chest Injury Caused by Kick