തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന നല്കി സിപിഐഎം. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കീഴ്വഴക്കങ്ങള് ഉണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. മുമ്പ് ഈ പദവി സിപിഐഎം ആണ് കൈകാര്യം ചെയ്തിരുന്നതെന്നും സിപിഐയുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
സംസ്ഥാനത്ത് വിലക്കയറ്റത്തിനെതിരെ സിപിഐഎം സമരം നടത്തുമെന്ന് എം വി ഗോവിന്ദന് വ്യക്തമാക്കി. വ്യാഴാഴ്ച ജില്ലാ - ഏരിയാ തലത്തില്‍ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്ന് എം വി ഗോവിന്ദന് പറഞ്ഞു. ഇന്ധന നികുതി വരുമാനം വേണ്ടെന്ന് വെക്കണമെന്ന് പറഞ്ഞ വി ഡി സതീശനാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് നാല് തവണ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ വി ഡി സതീശന് മൗനിയായി ഇരിക്കുകയാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
ബിജെപിക്ക് മുന്നില്‍ യുഡിഎഫ് കീഴടങ്ങിയെന്നും എം വി ഗോവിന്ദന് ആരോപിച്ചു. 'വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചത് അതിന് ഉദാഹരണം. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വൈസ് ചാന്‍സലറായി സംഘപരിവാര്‍ നേതാവ് വരുന്നു. കുസാറ്റില്‍ സംഘപരിവാര്‍ അധ്യാപക സംഘടന നേതാവാണ് അദ്ദേഹം. വിസിമാരുടെ പട്ടിക സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കണം. പക്ഷേ യുഡിഎഫ് സര്‍ക്കാര്‍ പട്ടിക നല്‍കിയില്ല', എം വി ഗോവിന്ദന് പറഞ്ഞു.
മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെ നിയമിച്ചതിലും എം വി ഗോവിന്ദന് പ്രതികരിച്ചു. 'അളിയനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിച്ചതില്‍ മുഖ്യമന്ത്രി നിലപാട് പറയട്ടെ. ശരിയല്ലാത്ത നടപടിയാണത്', എം വി ഗോവിന്ദന് പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയെ വി ഡി സതീശന് സന്ദര്‍ശിച്ചതിലും എം വി ഗോവിന്ദന് വിമര്‍ശനം ഉന്നയിച്ചു.
'ഞങ്ങള്‍ ആരെയൊക്കെ കാണുന്നത് തെറ്റാണെന്ന് പറഞ്ഞോ, യുഡിഎഫ് അവരെയൊക്കെ പോയി കാണുന്നു. മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപക സംഘം എന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം സിപിഐഎമ്മില്‍ ഇല്ല. ഓരോ ആളുകളും പറയുന്ന ആരോപണങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ഓരോരുത്തരും അവരവരുടെ ആരോപണങ്ങള്‍ പറയുന്നു എന്ന് മാത്രം', എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
Content Highlights: