സ്‌കൂൾ കെട്ടിടം തകർന്നുവീണ സംഭവം; ഫിറ്റ്‌നസ് നൽകിയിട്ടില്ലെന്ന് മേയ‍‍ർ, കോർപ്പറേഷന്റെ വീഴ്ചയെന്ന് ശിവൻകുട്ടി

സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു

തിരുവനന്തപുരം: അട്ടക്കുളങ്ങര സര്‍ക്കാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ ഫിറ്റ്‌നസിനെ ചൊല്ലി രാഷ്ട്രീയ തര്‍ക്കം. കോര്‍പ്പറേഷന്‍ ഫിറ്റ്‌നസ് നല്‍കിയിട്ടില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് തിരുവനന്തപുരം മേയര്‍ വി വി രാജേഷ് പറഞ്ഞത്. കോര്‍പ്പറേഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടെന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറയുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍ദ്ദേശിച്ചു. കോടികള്‍ മുടക്കി നവീകരിച്ച കെട്ടിടമാണ് പൊളിഞ്ഞുവീണത്.

സര്‍വ ശിക്ഷാ അഭിയാന്റെ ഓഫീസ് കെട്ടിടത്തിന്റെ മുറിയുടെ മേല്‍ക്കൂരയാണ് ഇന്നലെ തകര്‍ന്നു വീണത്. ജീവനക്കാരും വിദ്യാര്‍ത്ഥികളും ഇറങ്ങിയശേഷമാണ് അപകടമുണ്ടായതെന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഓടിട്ട കെട്ടിടമാണ് തകര്‍ന്നുവീണത്. ഫയര്‍ഫോഴ്സ് അടക്കം സംഭവസ്ഥലത്തെത്തിയിരുന്നു. തകര്‍ന്നുവീണ കെട്ടിടം ഉള്‍പ്പെടെ 2020-ല്‍ 1.75 കോടി രൂപയ്ക്ക് നവീകരിച്ചിരുന്നു. കാലപ്പഴക്കം ചെന്ന പട്ടികയും കഴുക്കോലും മാറ്റാതെയാണ് മോടി കൂട്ടിയത്.

അതേസമയം, എറണാകുളം വെണ്ണല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് പ്രധാന കെട്ടിടങ്ങളിലൊന്ന് തകര്‍ന്നുവീഴാറായ അവസ്ഥയിലാണ്. ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് ഈ ദുരവസ്ഥ. പലതവണ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്നാണ് ആരോപണം. മുമ്പ് കുട്ടികള്‍ പ്രവേശിക്കാതിരിക്കാന്‍ കെട്ടിടത്തില്‍ കയര്‍ കെട്ടിയിരുന്നു. ഈ കെട്ടിടം പൊളിച്ച് കളയണമെന്ന് പലതവണ രക്ഷിതാക്കളടക്കം ആവശ്യപ്പെട്ടതാണ്. എത്രയും പെട്ടെന്ന് അധികൃതര്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം.

Content Highlights: Attakulangara Government Central School Building Collapse Triggers Political Dispute Over Fitness Certificate

To advertise here,contact us