മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂടി; ഇന്ന് മുതല്‍ പ്രാബല്യത്തിൽ

മറ്റു പാൽ ഉൽപന്നങ്ങൾക്ക് വരുംദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിനും തൈരിനും ഉയര്‍ത്തിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിൽ. പാലിന് ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപയും വർധിപ്പിച്ചു. മറ്റു പാൽ ഉൽപന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്.

പാൽ കവറുകളിൽ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്നും മിൽമ അറിയിച്ചു. പാചകവാതകത്തിന്റെ വില വീണ്ടും ഉയര്‍ന്നതിനൊപ്പം പാല്‍ ഉത്പന്നങ്ങള്‍ക്കും വില കൂടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ഇനിയും ചെലവേറിയേക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

ക്ഷീരകർഷകരുടെ ചെലവ് വർധിച്ച സാഹചര്യത്തിലാണു പാൽവില കൂട്ടുന്നതെന്നും ലീറ്ററിന് 4 രൂപ കൂട്ടുമ്പോൾ മൊത്തം വർധനയുടെ 83.75% തുക (3.35 രൂപ) കർഷകർക്കു ലഭിക്കുമെന്നും മിൽമ അറിയിച്ചിരുന്നു. അതേസമയം, ഈ തുക അപര്യാപ്തമാണെന്നാണു ക്ഷീരകർഷകരുടെ വാദം. ഏറ്റവും ഒടുവിൽ മിൽമ പാൽവില കൂട്ടിയത് 2022 ഡിസംബർ ഒന്നിനായിരുന്നു – ലീറ്ററിന് 6 രൂപയാണ് വർധിക്കുന്നത്. മഞ്ഞ കവര്‍ പാല്‍: 27 രൂപ, നീല കവര്‍ പാല്‍: 30 രൂപ, ഓറഞ്ച് കവര്‍ പാല്‍: 30 രൂപ, പച്ച കവര്‍ പാല്‍: 32 രൂപ, കൗ മില്‍ക് – ഒരു ലിറ്റര്‍ ബോട്ടില്‍: 75 രൂപ, തൈര് ക്ലാസിക് : 40 രൂപ, തൈര് എലൈറ്റ് : 45 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ.

Content Highlight : Milma Hikes Milk and Curd Prices in Kerala; Revised Rates Come into Effect from Today

To advertise here,contact us