പ്രതിഷേധവും നിരാശയും പ്രയാസവും തോന്നുന്നു; വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച ബിന്ദുകൃഷ്ണക്കെതിരെ വിമര്‍ശനം

'വെള്ളാപ്പള്ളി നടേശന്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെയും ഇവിടെ വളരെ സൗഹാര്‍ദ്ദപരമായി ജീവിക്കുന്ന ഒരു സമുദായത്തെയും ഒരു ജില്ലയെയും അങ്ങേയറ്റം വര്‍ഗീയമായി അധിക്ഷേപിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്തത് നമ്മുടെ മുന്നിലുള്ള യാഥാര്‍ത്ഥ്യമാണ്'

കോഴിക്കോട്: എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയുടെ നടപടിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ വി പി. വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച വാര്‍ത്തയും ചിത്രങ്ങളും കാണുമ്പോള്‍ ശക്തമായ പ്രതിഷേധവും നിരാശയും പ്രയാസവുമാണ് സാധാരണ പ്രവര്‍ത്തകര്‍ക്കുള്ളതെന്ന് ദുല്‍ഖിഫില്‍ പ്രതികരിച്ചു. ഈ സന്ദര്‍ശനെ പൂര്‍ണ്ണമായി അപലപിക്കുന്നുവെന്നും ദുല്‍ഖിഫില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'എസ്എന്‍ഡിപി യോഗം എന്ന മഹാപ്രസ്ഥാനവും അതിലെ സാധാരണക്കാരായ മനുഷ്യരും തെരഞ്ഞെടുപ്പുകളില്‍ താങ്കളെയും പ്രസ്ഥാനത്തെയും സഹായിച്ചിട്ടുണ്ടാകാം, അതിനെ ഞങ്ങള്‍ പൂര്‍ണ്ണമായി ബഹുമാനിക്കുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെയും ഇവിടെ വളരെ സൗഹാര്‍ദ്ദപരമായി ജീവിക്കുന്ന ഒരു സമുദായത്തെയും ഒരു ജില്ലയെയും അങ്ങേയറ്റം വര്‍ഗീയമായി അധിക്ഷേപിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്തത് നമ്മുടെ മുന്നിലുള്ള യാഥാര്‍ത്ഥ്യമാണ്. ആ വിദ്വേഷ പരാമര്‍ശങ്ങള്‍ തിരുത്താന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടുമില്ല.', ദുല്‍ഖിഫില്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയില്‍ നിന്നും, കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്ന ചില രാഷ്ട്രീയ മാന്യതകളുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യങ്ങള്‍ക്കപ്പുറം മതേതര നിലപാടുകളില്‍ ഉറച്ചുനില്‍ക്കുക എന്നത് ഈ കാലഘട്ടത്തില്‍ വളരെ പ്രധാനമാണ്. ഫാസിസത്തിനെതിരെയും വര്‍ഗീയതയ്‌ക്കെതിരെയും തെരുവില്‍ പോരാടുന്ന സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് എപ്പോഴും ആവേശം നല്‍കേണ്ടത് താങ്കളെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുടെ കൃത്യമായ നിലപാടുകളാണെന്നും ദുല്‍ഖിഫില്‍ പറഞ്ഞു.

സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാന്‍ നോക്കുന്ന പ്രവണതകളെയും വ്യക്തികളെയും കൃത്യമായി അകറ്റി നിര്‍ത്താന്‍ താങ്കള്‍ക്ക് കഴിയണം. ഈയൊരു വിഷയം ഉള്‍ക്കൊണ്ടുകൊണ്ട്, വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മതേതര പാരമ്പര്യം താങ്കള്‍ കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഉചിതമായ നിലപാടുകള്‍ താങ്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്ന് ആവശ്യപ്പെടുന്നുവെന്നും ദുല്‍ഖിഫില്‍ വ്യക്തമാക്കി.

Content Highlights: Youth Congress State General Secretary Dulkhifil VP criticised Minister Bindu Krishna's visit to Vellappally Natesan

To advertise here,contact us