നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; അമ്മയും പങ്കാളിയും റിമാന്‍ഡില്‍

നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ അമ്മയും പങ്കാളിയും റിമാൻഡിൽ. അമ്മ അഖിലയും പങ്കാളി അഷ്‌കറിനെയുമാണ് കോടതി റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങളാണ്. രണ്ടാനച്ഛൻ അഷ്കർ ഒരു കൊടും ക്രിമിനലാണെന്ന സംശയം ശക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ. കുഞ്ഞിന്റെ ശരീരത്തിൽ ആകെ 91 മുറിവുകളുണ്ടായിരുന്നു. അതിൽ അമ്പതിലധികം പുറം മുറിവുകളും, നാല്‍പതോളം ആന്തരിക പരിക്കുകളും കണ്ടെത്തി.

ചോറുകൊടുക്കുമ്പോൾ കരഞ്ഞതിനാലാണ് കുഞ്ഞിനെ മർദ്ദിച്ചതെന്നാണ് രണ്ടാനച്ഛൻ അഷ്കറിന്റെ മൊഴി. എന്നാൽ അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നത് മുറിവുകളുടെ വ്യാപ്തി. ഒരു മാസത്തിനുള്ളിലാണ് ഈ മുറിവുകൾ എല്ലാം ഉണ്ടായതെന്നാണ് കണ്ടെത്തൽ. കേസിൽ അമ്മ അഖിലയുടെ പങ്കും ഇപ്പോൾ അന്വേഷണത്തിന്റെ കേന്ദ്രത്തിലുണ്ട്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും, മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നുമാണ് പൊലീസ് സംശയം. കുഞ്ഞിന്റെ കൈ ഒടിഞ്ഞത് വീഴ്ച മൂലമല്ലെന്ന നിഗമനവും അന്വേഷണസംഘത്തിനുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. അമ്മ അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് അഖില സമ്മതിച്ചിരുന്നു. പിന്നീട്, കുഞ്ഞിനെ കൊലപ്പെടുത്തിയതായി അഷ്‌കറും കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ തലയ്ക്ക് പിന്നില്‍ ശക്തമായ ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. 

Content Highlight : Nedumangad Murder Case: Mother and Her Partner Remanded in Custody

To advertise here,contact us