കഴക്കൂട്ടത്തെ തന്റെ തോല്‍വിക്ക് കാരണം എം എ യൂസഫലിയുടെ ഇടപെടല്‍; ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്

മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ മറിച്ച് കടകംപള്ളി സുരേന്ദ്രന് കൊടുത്തുവെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു

തിരുവനന്തപുരം: വ്യവസായി എം എ യൂസഫലിക്ക് എതിരെ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ശരത്ചന്ദ്ര പ്രസാദ്. കഴക്കൂട്ടത്തെ തന്റെ തോല്‍വി എം എ യൂസഫലിയുടെ ഇടപെടല്‍കൊണ്ടാണെന്നാണ് ശരത്ചന്ദ്ര പ്രസാദിന്റെ ആരോപണം. മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ മറിച്ച് കടകംപള്ളി സുരേന്ദ്രന് കൊടുത്തു. എല്‍ഡിഎഫിന്റെ 6,500 വോട്ടുകള്‍ ബിജെപിക്ക് പോയെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു

'തെരഞ്ഞെടുപ്പിന് ഏഴ് ദിവസമുള്ളപ്പോള്‍ യൂസഫലിയുടെ നിര്‍ദ്ദേശ പ്രകാരം മഹല്ല് കമ്മിറ്റി വിളിച്ചു ചേര്‍ത്തു. ശരത്ചന്ദ്ര പ്രസാദിനോട് സ്‌നേഹമുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന് വോട്ട് ചെയ്താല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ വി മുരളീധരന്‍ ജയിക്കാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു യൂസഫലി പറഞ്ഞത്. കടകംപള്ളിക്ക് വോട്ട് ചെയ്യാന്‍ അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ മറിച്ച് കടകംപള്ളിക്ക് കൊടുത്തതുകൊണ്ട് എന്റെ മാര്‍ജിന്‍ താഴ്ന്നു. അങ്ങനെ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. അതിനപ്പുറത്തേക്ക് ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കാനുള്ള ഒരു സാധ്യതയുമുണ്ടായിരുന്നില്ല', ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും സ്‌പോണ്‍സര്‍ ചെയ്ത് ജയിപ്പിച്ചുകൊടുക്കാനുള്ള അന്തര്‍ധാര ഉണ്ടാക്കിയത് യൂസഫലിയാണെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു.

കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപിയുടെ വി മുരളീധന്‍ 428 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. 46,546 വോട്ടുകളായിരുന്നു മുരളീധരന്‍ നേടിയത്. സിറ്റിങ് എംഎല്‍എയായ കടകംപള്ളി സുരേന്ദ്രന് 46,136 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശരത്ചന്ദ്ര പ്രസാദിന് 37,183 വോട്ടുകളാണ് നേടാനായത്.

Content Highlights- Sarath Chandra Prasad has alleged that intervention by M A Yusuff Ali played a role in his electoral defeat in Kazhakkoottam

To advertise here,contact us