കോഴിക്കോട്: വടകരയില്‍ ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികന് മരിച്ച സംഭവത്തില്‍ വീഴ്ച്ച സമ്മതിച്ച് കടത്തനാട് ലേബര്‍ സൊസൈറ്റി പ്രസിഡന്റ്. ഇബ്രാഹിം കുട്ടിയ്ക്ക് പണം നല്കാന് സാധിച്ചിട്ടില്ലെന്ന് സൊസൈറ്റി പ്രസിഡന്റ് ബഷീര്‍ അഹമ്മദ് പറഞ്ഞു. ഇബ്രാഹിം പല തവണ നിക്ഷേപത്തുക ആവശ്യപ്പെട്ടിട്ടുണ്ടെന്നും പലിശ മാത്രമാണ് കൊടുക്കാന്‍ കഴിഞ്ഞതെന്നും ബഷീര്‍ അഹമ്മദ് സമ്മതിച്ചു. സൊസൈറ്റി ഒരുകോടി, 69 ലക്ഷത്തിന്റെ നഷ്ടത്തിലാണെന്നും അതുകൊണ്ടാണ് പണം കൊടുക്കാന്‍ കഴിയാത്തതെന്നും ബഷീര്‍ പറഞ്ഞു. ഒന്നു രണ്ട് മാസം കൊണ്ട് പണം തരാം എന്ന് ഇബ്രാഹിമിനോട് പറഞ്ഞിരുന്നുവെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് ബഷീര്‍ അഹമ്മദിന്റെ പ്രതികരണം.
ഇന്നലെയാണ് വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികന് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംകുട്ടി ഹാജി(71)യാണ് ഡിസിസി സെക്രട്ടറി സുധീറിന്റെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. 75 ശതമാനം പൊള്ളലേറ്റ ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ പത്തരയോടെയാണ് ഇബ്രാഹിംകുട്ടി ഹാജി സുധീറിന്റെ വീട്ടിലെത്തിയത്. തുടർന്ന് കയ്യില്‍ കരുതിയ പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് തീ അണച്ചത്. ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇബ്രാഹിമിന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി വിവരം വന്നിരുന്നു. സുധീറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘമായ കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ ഇബ്രാഹിം പണം നിക്ഷേപിച്ചിരുന്നു. പല തവണ പണം പിന്‍വലിക്കുന്നതിനായി സമീപിച്ചിട്ടും പണം തിരികെ നല്‍കിയിരുന്നില്ലെന്ന് ആരോപണവും ഉയർന്നിരുന്നു.
Content Highlights:Elderly man set himself on fire at Congress leader's house; Labour Society admits responsibility