തിരുവനന്തപുരം: കേരള എൻജിഒ അസോസിയേഷനിൽ ഭിന്നത. ഭാരവാഹി തർക്കത്തെ തുടർന്ന് ഒരു വിഭാഗം രാജി ഭീഷണിയുമായി രംഗത്തെത്തി. പ്രസിഡൻ്റ് സ്ഥാനം തിരികെ നൽകിയില്ലെന്ന് ആരോപിച്ച് ചവറ ജയകുമാർ വിഭാഗമാണ് രാജി ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ പ്രസിഡൻ്റ് ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ഭാരവാഹിത്വം തിരികെ നൽകുമെന്ന കെപിസിസി ഉറപ്പ് ലംഘിച്ചുവെന്നും ഇവർ പരാതിപ്പെടുന്നുണ്ട്. കെപിസിസി ഓഫീസിൽ എത്തിയാണ് ചവറ ജയകുമാർ വിഭാഗം രാജിഭീഷണി മുഴക്കിയത്.
പ്രശ്നത്തിൽ ഇടപെടാം എന്ന് കെപിസിസി നേതൃത്വം ഉറപ്പ് നൽകിയെന്നും പാർട്ടിയിൽ വിശ്വാസം ഉണ്ടെന്നും ചവറ ജയകുമാർ റിപ്പോർട്ടറിനോട് പ്രതികരിച്ചു. ആറ് മാസം മുമ്പ് അന്നത്തെ കെപിസിസി പ്രസിഡൻ്റിൻ്റെ നിർദ്ദേശം അനുസരിച്ചാണ് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ് ജാഫർ ഖാന് നൽകിയത്. ജാഫർ ഖാൻ വിരമിക്കുമ്പോൾ അത് തിരിച്ച് നൽകുമെന്നായിരുന്നു ധാരണ. ഏകപക്ഷീയമായി തൻ്റെ അനുയായിയെ നിശ്ചയിച്ച് പോകാനുള്ള തിടുക്കമാണ് കാണിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ധാരണ കാറ്റിൽ പറത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ചവറ ജയകുമാർ കുറ്റപ്പെടുത്തി. രാജി സന്നദ്ധത അറിയിക്കാനാണ് താനടക്കമുള്ള സമ്മേളന പ്രതിനിധികൾ കെപിസിസി ആസ്ഥാനത്ത് എത്തിയതെന്നും ചവറ ജയകുമാർ റിപ്പോർട്ടറിനോട് വെളിപ്പെടുത്തി.
Content Highlights: A major internal rift has emerged in the Kerala NGO Association over office bearer elections. The Chavara Jayakumar faction has issued a strong resignation threat amid serious differences in the organization.