തിരുവനന്തപുരം: പ്രതിപക്ഷ നേതാവും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ വീട്ടില്‍ അടക്കം നടന്ന ഇ ഡി റെയ്ഡില്‍ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും. വേട്ടയാടലിലെ ഒന്നാമത്തെ പ്രതി മോദിയാണെന്നായിരുന്നു എം വി ഗോവിന്ദന് പറഞ്ഞത്. അത് പറയാന്‍ തങ്ങള്‍ക്ക് പേടിയില്ലെന്നും ഭരണഘടന സ്ഥാപനങ്ങളെല്ലാം ബിജെപിയുടെ കയ്യിലാണെന്നും എം വി ഗോവിന്ദന് വിമര്‍ശിച്ചു.
എക്സാലോജിക് കേസ് ഗൗരവം ഉള്ള കേസ് അല്ല എന്ന് എല്ലാവര്ക്കും അറിയാമെന്നും എം വി ഗോവിന്ദന് പറഞ്ഞു. എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് കമ്പനി പണം വാങ്ങിയത്. മടിയില്‍ കനം ഉണ്ടെങ്കില്‍ മാത്രം ഭയപ്പെട്ടാല്‍ മതി. ഇ ഡി ആരെയാണ് ഭയപ്പെടുത്താന്‍ നോക്കുന്നതെന്നും എം വി ഗോവിന്ദന് ചോദിച്ചു. ഭയപ്പെടുത്തി ബിജെപിയുടെ ഭാഗമാക്കാം എന്നാണ് കരുതുന്നതെങ്കില്‍ ഈ നാടിന് ഒരു പാരമ്പര്യം ഉണ്ട് എന്ന് ഓര്‍ക്കണം. പിണറായിയെ ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്താന്‍ നോക്കേണ്ട. അതിന് വഴങ്ങാന്‍ മനസില്ല. പിണറായിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചതെന്നും എം വി ഗോവിന്ദന് ചൂണ്ടിക്കാട്ടി.
സതീശന് പുതിയ പേരൊക്കെ വന്നുവെന്നും അത് എന്താണെന്ന് താന്‍ പറയില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. അത് വെറുതെ വന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. സതീശന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടു. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ഇ ഡി പുറപ്പെടുകയായിരുന്നുവെന്നും എം വി ഗോവിന്ദന് പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വി അവസാനമായി കാണേണ്ടതില്ല. അതിശക്തമായി ഇടതുമുന്നണി തിരിച്ചുവരും. പിണറായി വിജയനെതിരെയുള്ള വേട്ടയാടല്‍ ഇടതുപക്ഷത്തിനെതിരെയുള്ള വേട്ടയാടലാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
ഇ ഡി എന്ന ഓലപ്പാമ്പിനെ കാണിച്ച് ഭയപ്പെടുത്താം എന്ന് വി ഡിയും മോദിയും കരുതേണ്ടെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. ഇടതുപക്ഷം പോരാട്ടം കുറേ കണ്ടതാണ്. ഭീഷണികള്‍ കുറേ കേട്ടതാണ്. അത് എല്ലാം തരണം ചെയ്ത് വന്നവരാണ് ഇടതുപക്ഷമെന്നും ബിനോയ് വിശ്വം പറഞ്ഞു. എക്സാലോജിക്-സിഎംആര്‍എല്‍ കേസിന്റെ തെറ്റും ശരിയും പറയുന്നില്ല. കേസില്‍ എവിടെയും പിണറായിയുടെ പേര് പറയുന്നില്ല. പക്ഷേ പുലര്‍ച്ചെ ഇ ഡി പോയത് പിണറായി വിജയന് ഉള്ള വീട്ടിലേക്കാണ്. എട്ട് മണിക്കൂര്‍ അവിടെ തമ്പടിച്ചു. ഇത് ആസൂത്രിത നീക്കമാണ്. കുറേ സമയം പരതിയിട്ടും ഇ ഡിക്ക് ഒന്നും കിട്ടിയില്ല എന്നാണ് അറിഞ്ഞത്. എന്തിനായിരുന്നു ഈ നാടകമെന്ന് ബിനോയ് വിശ്വം ചോദിച്ചു. പിണറായി ഒന്നിലും പ്രതിയും അല്ല. ഒരു സ്വത്തിന്റെയും അവകാശിയും അല്ല. എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. ഇന്‍ഡ്യ സഖ്യത്തിന്റെ കാതല്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മറന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
മുഖ്യമന്ത്രി സവര്‍ണ രാഷ്ട്രീയത്തിനൊപ്പമാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. അതുകൊണ്ടാണ് പേരില്‍ മേനോന് ചേര്‍ത്ത് പറഞ്ഞത്. അതില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വഞ്ചനയുണ്ട്. കോണ്‍ഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമാണത്. ഇ ഡിക്ക് മുന്നില്‍ മുട്ട് കുത്തില്ല. ചെങ്കൊടിക്ക് താഴെ ഇ ഡിക്ക് എതിരെ പട വെട്ടും. പരാജയത്തിന്റെ ചാമ്പലില്‍ നിന്ന് ഇടതുപക്ഷം പറന്നുയരും. അത് തടയാന്‍ ഇ ഡിക്കോ പൊലീസിനോ കഴിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
Content Highlights- MV Govindan alleged that Prime Minister Narendra Modi is the primary figure behind political targeting linked to the ED raid