സിഎംആർഎൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; പിണറായി വിജയന്റെ വീട്ടിൽ ഇ ഡി റെയ്ഡ്, കേസിന്റെ നാൾവഴികൾ

ആദായനികുതി പരിശോധനയ്ക്കിടെ ലഭിച്ച ഡയറിയിലെ പേരുകളുടെ ചുരുക്കെഴുത്തുകളും വിവാദമായിരുന്നു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണ ഉള്‍പ്പെട്ട സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്. വീണാ വിജയന്റെ ഉടമസ്ഥതയിലുളള 'എക്‌സാലോജിക് സൊല്യൂഷന്‍സ്' എന്ന ഐടി കമ്പനിക്ക് ചെയ്യാത്ത സേവനങ്ങള്‍ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്പനി വലിയ തുക പ്രതിഫലമായി നല്‍കി എന്നതാണ് കേസ്. 2019-ല്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ സിഎംആര്‍എല്‍ കമ്പനി 132.82 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതില്‍ 1.72 കോടി രൂപ വീണാ വിജയന്റെ കമ്പനിക്ക് നല്‍കിയതായി ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ഇ ഡി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്- നാൾവഴികള്‍

2019 ജനുവരി: സിഎംആര്‍എല്‍ കമ്പനിയിലും എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തി. ചെലവുകൾ പെരുപ്പിച്ചു കാട്ടി കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിന്റെ രേഖകൾ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.

2023 ഓഗസ്റ്റ് 8: പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് സിഎംആർഎല്ലിൽ നിന്ന് ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്നും ഈ പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നും ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് തീർപ്പു കൽപിച്ചു. ഈ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് 'സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്' ആരംഭിക്കുന്നത്.

2023 ഓഗസ്‌റ്റ് 23: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെടെ രാഷ്ട്രീയ നേതാക്കൾക്കെതിരെ നൽകിയ ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി നിർദേശിച്ചു. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരെ കൂടി ഉൾപ്പെടുത്തിയാണ് കളമശേരി സ്വദേശിയായ ഗിരീഷ് ബാബു വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്.

2023 ഒക്ടോബർ 21: ടി വീണയുടെ കമ്പനിയായ എക്സാലോജിക്, കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നു വാങ്ങിയ 1.72 കോടി രൂപയുടെ പ്രതിഫലത്തിനു ജിഎസ്ടി അടച്ചതായി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

2023 നവംബർ 1: വിജിലൻസ് അന്വേഷണം വേണമെന്ന റിവിഷൻ പെറ്റീഷനിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.

2024 ജനുവരി 13: എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്കെതിരെ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.

2024 ജനുവരി 17: സിഎംആർഎല്ലും എക്സാലോജിക് കമ്പനിയും തമ്മിൽ നടത്തിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമെന്ന് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) റിപ്പോർട്ട്.

2024 ജനുവരി 31: എക്സാലോജിക് നടത്തിയ ദുരൂഹമായ ഇടപാടുകളുടെ അന്വേഷണം കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനു (എസ്എഫ്ഐഒ) കൈമാറി.

2024 ഫെബ്രുവരി 16: എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമ്പനി ‍‍ഡയറക്ടർ വീണ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി.

2024 മാർച്ച് 27: എക്സാലോജിക്കും സിഎംആർഎൽ അടക്കമുള്ള 12 സ്ഥാപനങ്ങളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമികാന്വേഷണം തുടങ്ങി.

2025 മാർച്ച് 28: ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി തള്ളി.

2025 ജനുവരി: ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച വാദത്തിൽ, സിഎംആർഎൽ കമ്പനി വഴി നടത്തിയത് സങ്കൽപ്പത്തിനപ്പുറമുള്ള 185 കോടി രൂപയുടെ അഴിമതിയും വെട്ടിപ്പുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

2025 ഏപ്രിൽ - ജൂലൈ: ബിജെപി നേതാവ് ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എക്സാലോജിക് സിഎംആർഎല്ലിന് ഐടി സേവനങ്ങൾ നൽകിയിട്ടുണ്ടെന്ന് കാണിച്ച് വീണ വിജയൻ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

2026 മേയ് 26: സിഎംആർഎൽ കമ്പനിയും അതിന്റെ ഉദ്യോഗസ്ഥരും ഇ ഡി അന്വേഷണത്തിനെതിരെ നൽകിയ ഹർജികൾ കേരള ഹൈക്കോടതി പൂർണ്ണമായും തള്ളി. ഇ ഡി അന്വേഷണം തുടരാമെന്നും സമൻസുകളിൽ നിന്ന് കമ്പനി അധികൃതർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ച് ഉത്തരവിട്ടു.

2026 മെയ് 27: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 12 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തി.

ആദായനികുതി പരിശോധനയ്ക്കിടെ ലഭിച്ച ഡയറി

2019 ജനുവരി 25-നായിരുന്നു സിഎംആർഎൽ കമ്പനിയുടെ ഓഫീസിലും മാനേജിംഗ് ഡയറക്ടറായ ശശിധരൻ കർത്തയുടെ വീട്ടിലും ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ യാദൃശ്ചികമായി കിട്ടിയ മാസപ്പടി ഡയറിയാണ് അന്ന് ആദായനികുതി വകുപ്പിന് പിടിവള്ളിയായത്. സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ എന്ന പേരിലും കടമായിട്ടുമാണ് വീണയുടെ സ്ഥാപനത്തിന് ഒരു കോടി 72 ലക്ഷം രൂപ പലപ്പോഴായി നൽകിയതെന്നായിരുന്നു സിഎംആർഎല്ലിന്റെ വിശദീകരണം. പല പാർട്ടികളിലെയും മുതിർന്ന നേതാക്കൾ മുതൽ പോലീസ് ഉദ്യോഗസ്ഥർ വരെ മാസപ്പടി പറ്റുന്നവരുടെ കണക്കും ഈ ഡയറിയിൽ ഉണ്ടായിരുന്നു.

ഡയറിയിൽ കണ്ട ചുരുക്കെഴുത്തുകളെച്ചൊല്ലിയും വിവാദമായി. കെ കെ, പി വി, എ ജി, ഒ സി, ഐ കെ, ആർ സിഎന്നീ ഇനീഷ്യലുകളാണ് ഡയറിയിലുണ്ടായിരുന്നത്. ഇതിൽ കെ കെ, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണെന്നും പി വി, പിണറായി വിജയനാണെന്നും ഒ സി, ഉമ്മൻ ചാണ്ടിയാണെന്നും ആർ സി, രമേശ് ചെന്നിത്തലയാണെന്നും ഐ കെ - ഇബ്രാഹിംകുഞ്ഞാണെന്നും എ ജി എ ഗോവിന്ദനാണ് എന്നുമാണ് പറയപ്പെട്ടത്. പി വി താനല്ലെന്ന് വ്യക്തമാക്കി അന്ന് പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.

Content Highlights: what is cmrl-exalogic case; timeline of case explained

To advertise here,contact us