തിരുവനന്തപുരം: നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന് എസ്ഐടി. സുരക്ഷയില്ലാതെ പിണറായി വിജയന് സഞ്ചരിച്ചുവെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. മര്‍ദ്ദനസമയം പിണറായിയുടെ വാഹനം സുരക്ഷാസംഘമില്ലാതെ സഞ്ചരിച്ചു. സുരക്ഷയില്ലാതെ വാഹനം 100 മീറ്ററോളം സഞ്ചരിച്ചു. സെഡ് പ്ലസ് സുരക്ഷാ പ്രോട്ടോക്കോളിന്റെ ലംഘനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നവകേരള യാത്രയ്ക്കിടെ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗണ്മാന് അനില്‍കുമാര്‍, പൊലീസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ് സസ്പെന്ഷന്. ഡിജിപി ഉടന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കും. ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ശക്തമായ വകുപ്പുതല നടപടി വേണമെന്നും എസ്ഐടി ശുപാര്‍ശ ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്താനും തീരുമാനമായിട്ടുണ്ട്.
ഗണ്മാന് അനില്‍കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ് സന്ദീപും ആലപ്പുഴ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. വിഐപി സുരക്ഷയുടെ ഭാഗമായി ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് തങ്ങള്‍ നടത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചത്. കേസിന് പിന്നില്‍ രാഷ്ട്രീയ- വ്യക്തി വിരോധമാണെന്നും ഉദ്യോഗസ്ഥര്‍ ആരോപിച്ചു. 'മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചടുക്കുകയും വാഹനത്തില്‍ ഇടിക്കുകയും ചെയ്തു.സെഡ് പ്ലസ് സുരക്ഷയുളള മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് ഇടപെട്ടത്. നടന്നത് ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് എന്നും ജാമ്യഹര്‍ജിയില്‍ പ്രതികള്‍ വാദിച്ചു.
എന്നാൽ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ കടുത്ത വിമർശനമാണ് ഉയർത്തിയത്. നിലവിലുള്ള റിപ്പോർട്ട് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളുടേതാണെന്നും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ റിപ്പോർട്ട് എവിടെ എന്നും കോടതി ചോദിച്ചു. വാർത്ത ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിക്ക് വേണ്ടത് വസ്തുതാപരമായ റിപ്പോർട്ടാണെന്നും കേസ് പരിഗണിച്ച ജഡ്ജി ഹണി എം വർഗീസ് വിമർശിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം അഞ്ച് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കുന്ന ഘട്ടത്തിലായിരുന്നു കോടതിയുടെ ഈ പരാമർശം.
Content Highlights: The SIT has reportedly found lapses in the security arrangements for former Kerala Chief Minister Pinarayi Vijayan during the Nava Kerala Yatra in Alappuzha