ന്യൂഡല്‍ഹി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMA ക്ഷേത്രത്തില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി വെണ്ണല ക്ഷേത്രക്കമ്മിറ്റി ചെയര്മാന് ദല്ലാള്‍ നന്ദകുമാര്‍. അമ്മയുടെ കുടുംബസംഗമം നടത്തുന്നതിന് സ്പോണ്സര് വേണമെന്ന് പ്രസിഡന്റ് ശ്വേതാ മേനോനാണ് ആവശ്യപ്പെട്ടതെന്ന് നന്ദകുമാര്‍ പറഞ്ഞു. 75 ലക്ഷം രൂപയ്ക്കായിരുന്നു കരാര്‍. അതില്‍ 30 ലക്ഷം കൊടുത്തുകഴിഞ്ഞെന്ന് നന്ദകുമാര്‍ പറഞ്ഞു. ബാക്കി കൊടുക്കുന്നതില്‍ തര്‍ക്കമില്ലെന്നും ബില്ല് കിട്ടാന്‍ വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. അന്‍സിബയും റസൂല്‍ പൂക്കുട്ടിയുമെല്ലാം ക്ഷേത്രത്തില്‍ പരിപാടിക്ക് വന്നിട്ടുണ്ടെന്നും ജാതി പരിഗണനയൊന്നും ക്ഷേത്രത്തിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ദല്ലാള്‍ നന്ദകുമാറിന്റെ പ്രതികരണം.
'അമ്മയുടെ കുടുംബസംഗമം നടത്തുന്നതിന് ഒരു സ്പോണ്സര് വേണമെന്ന് അമ്പലത്തില്‍ വന്നപ്പോള്‍ അമ്മ പ്രസിഡന്റ് ശ്വേതാ മേനോന് ആവശ്യപ്പെട്ടു. ക്ഷേത്രമാണ് എടുക്കാമോ എന്ന് ഞാന്‍ ചോദിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ സംസാരിച്ചിട്ട് പറയാമെന്ന് പറഞ്ഞു. പരസ്യം കൊടുത്തു. അതില്‍ എന്താണ് തെറ്റ്? പണ്ട് കെഎസ്ആര്‍ടിസി ബസില്‍ ദേവാലയങ്ങളുടെ പരസ്യം സെന്‍കുമാര്‍ ഉണ്ടായിരുന്ന കാലത്ത് പറ്റില്ലായിരുന്നു. ആദ്യമായിട്ട് ഞങ്ങളാണ് പരസ്യം ചെയ്തത്. ഇപ്പോള്‍ എല്ലാം ദേവാലയങ്ങളേയുളളു. ശ്വേതാ മേനോന് അമ്മ പ്രസിഡന്റായപ്പോള്‍ നല്ലൊരു തുക കിട്ടിയാല്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞു. 30 ലക്ഷം കൊടുത്തു. ബാക്കി കൊടുക്കാന്‍ പോകുന്നേയുളളു. 75 ലക്ഷമാണ് കൊടുക്കാമെന്ന് പറഞ്ഞത്. മെയ് 31-ന് തുക കൊടുക്കും. അവര്‍ ഞങ്ങളുടെ ക്ഷേത്രത്തില്‍ പരിപാടികള്‍ക്ക് വന്നിട്ടുണ്ട്. അന്‍സിബ ചെറുപ്പത്ത് റസൂല്‍ പൂക്കുട്ടിയോടൊപ്പം പരിപാടിക്ക് അമ്പലത്തില്‍ വന്നിട്ടുണ്ട്' ദല്ലാൾ നന്ദകുമാർ പറഞ്ഞു.
അമ്മയിലെ പ്രശ്നങ്ങള്‍ തങ്ങൾ നോക്കേണ്ട കാര്യമില്ലെന്നും അന്‍സിബ എതിര്‍ത്തത് അറിഞ്ഞിരുന്നെന്നും നന്ദകുമാർ പറഞ്ഞു. മെയ് രണ്ടിന് അൻസിബ അമ്പലത്തിലേക്ക് സർപ്രൈസായി വന്നിരുന്നെന്നും അന്ന് എന്തിനാണ് സ്പോൺസർഷിപ്പ് എതിർത്തതെന്ന് ചോദിച്ചപ്പോൾ അവര്‍ അത് ഇന്റേണല്‍ കാര്യമാണെന്ന് പറഞ്ഞിരുന്നെന്നും ദല്ലാള്‍ നന്ദകുമാര്‍ കൂട്ടിച്ചേർത്തു.
Content Highlights: Sponsorship controversy in AMMA; Dallal Nandakumar says Shweta Menon asked for sponsorship