'MR അജിത് കുമാര്‍ നെട്ടോറിയസ് ക്രിമിനൽ, പിന്നിൽ പി ശശി'; ഗൺമാന്മാരുടെ മർദ്ദനക്കേസിലെ ഇടപെടലിൽ പി വി അൻവർ

പൊലീസിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ഈ കോലത്തില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് എം ആര്‍ അജിത് കുമാറെന്ന് പി വി അന്‍വര്‍

കൊച്ചി: ആലപ്പുഴയിലെ ഗണ്‍മാന്മാരുടെ മര്‍ദ്ദനക്കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് എതിരായ ഗുരുതര മൊഴികളില്‍ പ്രതികരിച്ച് മുന്‍ എംഎല്‍എ പി വി അന്‍വര്‍. എം ആര്‍ അജിത്കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. ഇദ്ദേഹത്തെ പോലെ ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തിയാണ് പൊലീസിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ഈ കോലത്തില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതെന്ന് അന്‍വര്‍ പറഞ്ഞു. കോഫി വിത്ത് അരുണില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'മുന്‍ മുഖ്യമന്ത്രിയെയും കൂടെ നിര്‍ത്തി രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ അദ്ദേഹം നടത്തിയ നിരവധി ഇടപെടലുകളുണ്ട്. സുജിത് ദാസ്, അജിത് കുമാര്‍, ഹരിശങ്കര്‍ എന്ന മൂവര്‍ സംഘമായിരുന്നു കേരളത്തിലെ പൊലീസിനെ ഈ കോലത്തിലാക്കിയത്. ഏത് കേസും ഡോക്യുമെന്റും അവര്‍ തിരുത്തിക്കും', പി വി അന്‍വര്‍ പറഞ്ഞു.

മര്‍ദ്ദന കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അജിത് കുമാറിന്റെ സ്വന്തം അഭിപ്രായത്തിലായിരിക്കില്ല ഇത് നടന്നതെന്നും ഇതൊരു രാഷ്ട്രീയ പ്രശ്‌നമാണെന്നും പി വി അന്‍വര്‍ പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ കേസ് പ്രശ്‌നമാകുമെന്നും സര്‍ക്കാരിന് പ്രശ്‌നമുണ്ടാക്കുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണല്ലോ ഇത്തരമൊരു നീക്കമുണ്ടാകുന്നതെന്നും പി വി അന്‍വര്‍ ചോദിച്ചു.

'എസ്‌ഐടി അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും പി ശശിയുമായിട്ടുള്ള ആ സമയത്തെ അദ്ദേഹത്തെ ഫോണ്‍ കോളുകളിലേക്കും നീങ്ങണം. പി ശശിയും ഇതിന് പിന്നിലുണ്ടാകുമന്നത് ഉറപ്പാണ്. ഉറവിടം അന്വേഷിക്കണം. ഗൂഢാലോചന അന്വേഷിക്കണം. ആ രീതിയിലുള്ള അന്വേഷണം എസ്‌ഐടി നടത്തുമെന്ന് വിശ്വസിക്കുന്നു. അജിത്കുമാറിനെ സംബന്ധിച്ച് ഒരു പൊലീസ് ഓഫീസറെ സസ്‌പെന്‍ഷനില്‍ നിന്ന് രക്ഷിക്കുകയെന്ന ഉദ്ദേശ്യമുണ്ടാകണമെന്നില്ല. അജിത്കുമാറിന്റെ എല്ലാ ഇടപെടലുകളിലും പുനരന്വേഷണം വേണം', പി വി അന്‍വര്‍ ആവശ്യപ്പെട്ടു.

നവകേരള യാത്രയ്ക്കിടെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം മര്‍ദ്ദിച്ച സംഭവത്തില്‍ ഗണ്‍മാന്‍മാരെ ചോദ്യംചെയ്യുന്നത് അജിത് കുമാര്‍ തടഞ്ഞുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നു. ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് മൊഴി. തെളിവുകള്‍ ശേഖരിക്കാന്‍ തടസം നിന്നെന്നും കേസ് ഡയറിയും അന്തിമ അന്വേഷണ റിപ്പോര്‍ട്ടും തിരുത്തിച്ചെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. കേസ് അന്വേഷിച്ച അഞ്ച് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. രണ്ട് ഡിവൈഎസ്പിമാരും രണ്ട് ഇന്‍സ്പെക്ടര്‍മാരും ഒരു എസ്ഐയുമാണ് മൊഴി നല്‍കിയത്.

Content Highlights: P V Anvar against MR Ajithkumar

To advertise here,contact us