കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവിലെ ഉന്നതി നിവാസികളെ സന്ദര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പാരിയത്തുകാവില്‍ മുത്തങ്ങയുടെ മിനി പതിപ്പിന് പൊലീസ് ശ്രമിച്ചെന്ന് എം വി ഗോവിന്ദന് പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെ പൊലീസിന്റെ കടന്നാക്രമണം ഉണ്ടായെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക ശേഷിയുള്ള വിഭാഗത്തിന് വേണ്ടി കോടതി വിധിയുടെ മറവില്‍ പൊലീസ് ആക്രമണം നടന്നു. എല്‍ഡിഎഫിന്റെ പത്ത് വര്‍ഷത്തെ ഭരണത്തില്‍ വീടില്ലാത്തവര്‍ക്ക് വീടും പട്ടയം ഇല്ലാത്തവര്‍ക്ക് പട്ടയവും നല്‍കിയെന്നും ആരെയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. പാരിയത്തുകാവിലെ സമരസമിതി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാലെ ഉന്നതിയിലൂടെ നടന്ന് നിവാസികളെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു.
'ഭയപ്പെടേണ്ട, ആദ്യത്തെ ഇഎംഎസ് മന്ത്രിസഭ ഒരു മനുഷ്യനെയും കുടിയൊഴിപ്പിക്കരുതെന്നാണ് ഉത്തരവിറക്കിയത്. കുടിയൊഴിപ്പിക്കാന്‍ ആരെങ്കിലും സമ്മതിക്കുമോ. എല്‍ഡിഎഫ് മാറി മൂന്നാമത്തെ ദിവസമാണ് ഈ സംഭവമുണ്ടാകുന്നത്. പാവപ്പെട്ട മനുഷ്യന് എന്ന ഒരു മാനദണ്ഡമേ ഇവിടെയുള്ളു. അതിന് പാര്‍ട്ടി വ്യത്യാസമില്ല, ഒരു തരത്തിലും കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ല', എന്ന് നിവാസികളോട് എം വി ഗോവിന്ദന് പറഞ്ഞു.
ഇന്നാണ് പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. സര്‍ക്കാരും കക്ഷി ചേരും. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട നടപടികളില്‍ സുപ്രീം കോടതിയില്‍ സാവകാശം തേടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ച കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി റോജി എം ജോണും കുന്നത്തുനാട് എംഎല്‍എ വി പി സജീന്ദ്രനും പങ്കെടുത്തു.
സര്‍ക്കാര്‍ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അവരെ പെരുവഴിയിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും റോജി എം ജോണ്‍ വ്യക്തമാക്കി. പാരിയത്തുകാവ് കേസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സര്‍ക്കാര്‍ ഇടപെടുന്നതെന്നും ഇതുവരെ ഒരു സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അത്തരം നീക്കങ്ങളുണ്ടായിട്ടില്ലെന്നുമായിരുന്നു റോജി എം ജോണിന്റെ പ്രതികരണം.
മെയ് 20ന് രാവിലെയാണ് എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍ എത്തിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കല്‍. പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ എട്ട് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. അഭിഭാഷക കമ്മീഷന് അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ടു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. പൊലീസ് അതിക്രമത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റിരുന്നു.
പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയില്‍ മുന്‍പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കുടിയൊഴിപ്പിക്കാന്‍ ഉറച്ചാണ് നടപടികള്‍ തുടങ്ങിയത്. പാരിയത്ത്കാവ് ഉന്നതിയില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 50ഓളം പേര്‍ക്കെതിരെയാണ് തടിയിട്ടപ്പറമ്പ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.
Content Highlights: CPIM state secratary M V Govindan visit Pariyathukavu for supporting them