കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മുന്‍ മന്ത്രി ആര് ബിന്ദു. സത്യപ്രതിജ്ഞ വരെ വി ഡി സതീശന് ആയിരുന്നുവെന്നും സത്യപ്രതിജ്ഞയില്‍ വടശ്ശേരി ദാമോദരന്‍ മേനോന് സതീശനായത് കേവല യാദൃശ്ചികതയല്ലെന്നും ആര് ബിന്ദു പറഞ്ഞു. അത്തരം സമവാക്യങ്ങള്‍ ഈ ഭരണകാലത്ത് തുടരുമെന്ന് ആര് ബിന്ദു കൂട്ടിച്ചേര്‍ത്തു.
പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് ഒന്നാമത് പരിഗണന നല്‍കണമെന്ന് 'പൂക്കി' മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തുന്നു. ഉപരിപ്ലവമായ കാപട്യമല്ല വേണ്ടതെന്നും ആര് ബിന്ദു പറഞ്ഞു. മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിനെ കുറിച്ചും മുന്‍ മന്ത്രി പ്രതികരിച്ചു.
'കുടിയിറക്ക് അനുവദിക്കില്ല. മനുഷ്യ കവചം തീര്‍ത്ത് പ്രതിരോധിക്കും. സര്‍ക്കാര്‍ മാറിയതോടെ പൊലീസ് നരനായാട്ട് തുടങ്ങി. ഭരണം മാറിയതോടെ പൊലീസിന്റെ കാഴ്ചപ്പാട് തന്നെ മാറി', ആര് ബിന്ദു പറഞ്ഞു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വടശ്ശേരി ദാമോദര മേനോന് സതീശന് എന്നായിരുന്നു വി ഡി സതീശന് പേര് വായിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 'മേനോന്' എന്ന ജാതിപ്പേര് പറയാനാണ് വി ഡി സതീശന് മുഴുവന്‍ പേര് പറഞ്ഞതെന്നായിരുന്നു വിമര്‍ശനം.
എന്നാല്‍ പിതാവിന്റെ സ്മരണ പുതുക്കാനാണ് അച്ഛന്റെ മുഴുവന്‍ പേര് പറഞ്ഞതെന്നും അമ്മയുടെ പേര് കൂടി പറയാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും വി ഡി സതീശന് പറഞ്ഞിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും മുഴുവന്‍ പേരാണ് സതീശന് പറഞ്ഞത്.
Content Highlights: R Bindu against CM V D Satheesan